ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ ട്രംപോണോമിക്‌സിൻ്റെ ഇരട്ട സ്വാധീനം: ഗുണങ്ങളും ദോഷങ്ങളും

നിയുക്ത യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ സാമ്പത്തിക അജണ്ട, തത്വങ്ങൾ, നയങ്ങൾ എന്നിവയെ ട്രംപോണോമിക്സ് എന്ന് പരക്കെ പറയുന്നു. കോർപ്പറേറ്റ് നികുതി വെട്ടിക്കുറക്കൽ, അടിസ്ഥാന സൗകര്യ ചെലവുകൾ വർധിപ്പിക്കൽ, നിയന്ത്രണങ്ങൾ നീക്കൽ, കുടിയേറ്റ നിയന്ത്രണം, പ്രാദേശിക ഉൽപ്പാദനം ശക്തിപ്പെടുത്തൽ എന്നിങ്ങനെയുള്ള യാഥാസ്ഥിക തത്വങ്ങളെ അടിസ്ഥാനമാക്കി, സാമ്പത്തിക വളർച്ച, വരുമാനം വർധിപ്പിക്കൽ, കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ എന്നിവയാണ് ട്രംപോണോമിക്സ് ലക്ഷ്യമിടുന്നത്. എന്നാൽ പണപ്പെരുപ്പം ഉയർത്താനും ധനക്കമ്മി കൂട്ടാനും സമ്പന്നർക്ക് അനുകൂലമാകാനും ട്രംപോണോമിക്സിന് കഴിയുമെന്ന് വിമർശകർ ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ട്രംപോണോമിക്സ് അവസരങ്ങളും വെല്ലുവിളികളും കൊണ്ടുവരുന്നുണ്ട്. ചൈനയ്ക്കെതിരെയുള്ള ട്രംപിന്റെ കടുത്ത നിലപാട് ഇന്ത്യക്ക് അനുകൂലമാകും. കാരണം യുഎസ് നിക്ഷേപം ചൈനയ്ക്ക് പകരം ഇന്ത്യയിലേക്ക് വരും. ഇത് വിപണിയെയും ഉൽപാദനത്തെയും വർദ്ധിപ്പിക്കും. വിതരണ ശൃംഖലകൾ ഇതിനകം ചൈനയിൽ നിന്നും ഇന്ത്യയിലേക്കും നീങ്ങിക്കൊണ്ടിരിക്കുകയാണ്, ട്രംപിന്റെ രണ്ടാം വരവ് ഈ സാഹചര്യത്തെ കൂടുതൽ മുന്നോട്ട് കൊണ്ടുപോകും. യുഎസ് ഇമിഗ്രേഷൻ നിയമങ്ങളിൽ വരാൻ സാധ്യതയുള്ള മാറ്റങ്ങളെക്കുറിച്ചുള്ള ആശങ്കകൾ നിലനിൽക്കുമ്പോഴും ട്രംപിന്റെ രണ്ടാം വരവ് ഇന്ത്യൻ ഐടി സെക്ടറിന് കൂടുതൽ കരുത്ത് പകരും. നിലവിൽ യുഎസ് തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ഐടി ഓഹരികൾ കുത്തനെ ഉയർന്നിട്ടുണ്ട്.യുഎസ്-ഇന്ത്യ ഉഭയകക്ഷി ഇടപെടലിൻ്റെ കേന്ദ്രം സാങ്കേതിക മേഖലയാണെന്ന് നാസ്‌കോം പ്രസ്താവനയിൽ പറയുന്നു.

“ഇന്ത്യയുടെ 254 ബില്യൺ ഡോളർ സാങ്കേതിക മേഖലയുടെ ഏറ്റവും വലിയ വിപണിയാണ് യു.എസ്. യുഎസ് ജിഡിപിയിലേക്കുള്ള അതിൻ്റെ മൊത്തത്തിലുള്ള സംഭാവന 80 ബില്യൺ ഡോളറാണ്. പ്രധാനമായും, യുഎസ് കമ്പനികളെ പിന്തുണയ്ക്കുന്നതിലും യുഎസ് സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിലും ഇന്ത്യൻ ഐടി സെക്ടർ ഒരു പ്രധാന പങ്ക് വഹിക്കുന്നു.”

യുഎസ് ബിസിനസുകളുടെ പ്രധാന ലക്ഷ്യസ്ഥാനമാണ് ഇന്ത്യ. 1000-ലധികം അമേരിക്കൻ കമ്പനികൾ മത്സരാധിഷ്ഠിത പരിഹാരങ്ങൾ സൃഷ്ടിക്കുന്നതിന് രാജ്യത്തിൻ്റെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ പ്രയോജനപ്പെടുത്തുന്നു. നാസ്‌കോം റിപ്പോർട്ടിൽ പറയുന്നു.

എണ്ണ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിൽ ട്രംപ് ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, ആഗോള എണ്ണവില കുറയുന്നതിനാൽ, എണ്ണ വിപണന കമ്പനികൾക്കും (OMCs) ക്രൂഡ് ഓയിൽ ഡെറിവേറ്റീവുകളെ ആശ്രയിക്കുന്ന മറ്റ് മേഖലകൾക്കും പ്രയോജനപ്പെടുന്നതിനാൽ, ഇന്ത്യയുടെ എണ്ണ ഇറക്കുമതിയെ ആശ്രയിക്കുന്ന സമ്പദ്‌വ്യവസ്ഥക്ക് നേട്ടമുണ്ടാക്കാം. ട്രംപിൻ്റെ വിതരണ ശൃംഖല വൈവിധ്യവൽക്കരണ ശ്രമങ്ങളുമായി ഒത്തുപോകുന്ന ഇന്ത്യയുടെ ഇഎംഎസ്, ഡാറ്റാ സെന്റർ വ്യവസായങ്ങളുടെ വാഗ്ദാനമായ ഭാവിയെയും ഇത് അടിവരയിടുന്നതായി ദി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

ഇന്ത്യയിലേക്കുള്ള യുഎസ് കയറ്റുമതി 2012ലെ 22,105.7 മില്യണിൽ നിന്ന് 2021ൽ 39,817.4 മില്യൺ ഡോളറായി 84% വർധിച്ചുവെന്ന് ടീംലീസ് ഡിഗ്രി അപ്രൻ്റീസ്ഷിപ്പ് സിഇഒ രമേഷ് അല്ലൂരി റെഡ്ഡി ചൂണ്ടികാണിക്കുന്നു. അതേസമയം ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതി ഏതാണ്ട് 81 ശതമാനം ഉയർന്ന് ഇതേ കാലയളവിൽ 40,512.6 മില്യണിൽ നിന്ന് 73,308.2 മില്യണായി ഉയർന്നു. ഇന്ത്യൻ സ്റ്റാർട്ടപ്പുകളിലെ മൊത്തം നിക്ഷേപത്തിൻ്റെ 60% അമേരിക്കൻ നിക്ഷേപകരായിരിക്കുകയും ട്രംപിൻ്റെ സ്റ്റാർട്ടപ്പ് അനുകൂല നയങ്ങൾ അദ്ദേഹത്തിൻ്റെ മുൻ കാലയളവിലെ പോലെ കൂടുതൽ യുഎസ് നിക്ഷേപം ആകർഷിക്കാൻ സാധ്യതയുണ്ടെന്ന് അസിഡ്യൂസ് സ്ഥാപകനും സിഇഒയുമായ സോംദത്ത സിംഗ് പറയുന്നതായി ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു.

ട്രംപിന് കീഴിൽ ഇന്ത്യ ശക്തിയാർജിക്കാൻ സാധ്യതയുള്ള മറ്റൊരു മേഖല പ്രതിരോധ മേഖലയാണ്. ഇന്ത്യൻ ആർമി മുൻ ഡയറക്ടർ ജനറലും നിലവിൽ മദ്രാസ് ഐഐടി എയ്‌റോസ്‌പേസ് ഡിപ്പാർട്ട്‌മെൻ്റിലെ പ്രൊഫസറുമായ ജനറൽ ശങ്കർ നിരീക്ഷിക്കുന്നത് പോലെ “ട്രംപിൻ്റെ നേതൃത്വത്തിൽ, യുഎസ്-ഇന്ത്യ പ്രതിരോധ ബന്ധം ഉഭയകക്ഷി പങ്കാളിത്തത്തിൻ്റെ മൂലക്കല്ലായി തുടരും.” ഇരു രാജ്യങ്ങളും ചൈനയിൽ നിന്ന് സമാനമായ സുരക്ഷാ വെല്ലുവിളികൾ നേരിടുന്നതിനാൽ, പ്രതിരോധ മേഖലയിലെ സഹകരണം, സംയുക്ത സൈനികാഭ്യാസങ്ങൾ, സുരക്ഷാ സഹകരണം എന്നിവ കൂടുതൽ ആഴത്തിലാക്കും. ഇത് ഇന്ത്യയുടെ പ്രതിരോധ ശേഷിക്ക് ഗുണം ചെയ്യുമെന്ന് മാത്രമല്ല, തന്ത്രപ്രധാനമായ മേഖലയായ ഇന്തോ-പസഫിക്കിൽ അതിൻ്റെ സ്ഥാനം ശക്തിപ്പെടുത്തുകയും ചെയ്യും.

എന്നാൽ, യുഎസ് ഡോളർ ശക്തിപ്പെടുന്നതും ആദായം ഉറപ്പിക്കുന്നതും കാരണം ഇന്ത്യൻ രൂപയ്ക്ക് മൂല്യത്തകർച്ച നേരിടേണ്ടി വന്നേക്കാം. രണ്ടാമത്തെ ട്രംപ് ഭരണകൂടത്തിന് കീഴിൽ, ഫെഡറൽ റിസർവ് ദീർഘകാലാടിസ്ഥാനത്തിലുള്ള ഒരു നിലപാട് സ്വീകരിച്ചേക്കാം. പണപ്പെരുപ്പവും വളർച്ചാ നിരക്കും ഗണ്യമായി കുറയുന്നില്ലെങ്കിൽ, വിപണി പ്രതീക്ഷകൾക്കപ്പുറം പലിശ നിരക്ക് ഉയർത്താൻ സാധ്യതയുണ്ട്. അടുത്ത മൂന്ന് മാസത്തിനുള്ളിൽ, യുഎസ് 10 വർഷത്തെ ആദായം 5 ശതമാനത്തിലെത്താം. ഇത് ഏതെങ്കിലും ഫെഡറൽ നിരക്ക് വെട്ടിക്കുറവിന്റെ നല്ല ഫലങ്ങൾ പരിമിതപ്പെടുത്തിയേക്കാം. ഈ ഷിഫ്റ്റ് ഇന്ത്യൻ രൂപയുൾപ്പെടെ വളർന്നുവരുന്ന മാർക്കറ്റ് കറൻസികളെ വെല്ലുവിളിക്കും. ഉറച്ച ഡോളറും യുഎസ് ബോണ്ട് യീൽഡും വർദ്ധിക്കുന്നതിനാൽ USD/INR വിനിമയ നിരക്ക് 84.5 ൽ എത്താൻ സാധ്യതയുണ്ട് എന്നതാണ് ട്രംപോണോമിക്സ് കാരണം ഇന്ത്യ നേരിടാൻ സാധ്യതയുള്ള വെല്ലുവിളികളിൽ ഒന്ന്.

Latest Stories

'ഇന്ത്യയെയും പാകിസ്ഥാനെയും ഹോസ്റ്റിംഗ് അവകാശങ്ങളില്‍നിന്ന് വിലക്കണം'; ഐസിസിയ്ക്ക് നിര്‍ദ്ദേശം

വിഷപുകയിൽ മുങ്ങി തലസ്ഥാനം; വായുമലിനീകരണം അതീവ ഗരുതരാവസ്ഥയിൽ, ആരോഗ്യപ്രശ്നങ്ങൾ അവഗണിക്കരുതെന്ന് നിർദേശം

അതിവേഗം ബഹുദൂരം.., ഇനി പിഴച്ചാല്‍ സഞ്ജു കോഹ്ലിക്കൊപ്പം!

വിവാദങ്ങൾക്കിടെ ഇപി ജയരാജൻ ഇന്ന് പാലക്കാട്; പി സരിനായി വോട്ട് തേടും

ഒരൊറ്റ കളികൊണ്ട് ഒരു രാഷ്ട്രത്തിന്റെ മുഴുവന്‍ മിശിഹയാകാന്‍ ചില പ്രതിഭകള്‍ക്ക് കഴിയും, അതില്‍പ്പെട്ട ഒരാളാണ് സഞ്ജു സാംസണ്‍!

ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍; സമാധാനപരമായ അധികാര കൈമാറ്റം ഉറപ്പ് നല്‍കി ജോ ബൈഡന്‍; ആശങ്കകള്‍ നീങ്ങി

കമൽഹാസൻ്റെ മകൾ എന്ന് അറിയപ്പെടുന്നതിൽ തനിക്ക് പ്രയാസമുണ്ടായിരുന്നു എന്ന് ശ്രുതി ഹാസൻ

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്: എംവിഎ സഖ്യത്തെ "ഔറംഗസേബ് ഫാൻ ക്ലബ്ബ്" എന്ന് മുദ്രകുത്തി അമിത് ഷാ

തേക്കടി കാണാനെത്തിയ ഇസ്രയേല്‍ സഞ്ചാരികളെ കടയുടമ അപമാനിച്ച് ഇറക്കിവിട്ടു; കേരളത്തിന് നാണക്കേട്

ആത്മകഥ വിവാദം: ഇപി ജയരാജനോട് വിശദീകരണം തേടാൻ സിപിഎം