പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹെലികോപ്റ്ററില്‍ പരിശോധന നടത്തിയ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഒഡീഷയില്‍ ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജനറല്‍ ഒബ്സര്‍വര്‍ ആയി നിയോഗിച്ചിരുന്ന, കര്‍ണാടകയില്‍ നിന്നുള്ള മുഹമ്മദ് മുഹസിനെയാണ് സസ്പെന്‍ഡ് ചെയ്തത്. ഒഡീഷയിലെ സംബാല്‍പൂരിലാണ് സംഭവം.
എസ് പി ജി സംരക്ഷണമുള്ളവരോട് പെരുമാറേണ്ട രീതി സംബന്ധിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചട്ടങ്ങള്‍ ലംഘിച്ചു എന്ന് പറഞ്ഞാണ് നടപടി. എസ് പി ജി സംരക്ഷണമുള്ളവരെ ഇത്തരത്തില്‍ പരിശോധിക്കുന്നത് കമ്മീഷന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമാണ് എന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. പരിശോധന കാരണം പ്രധാനമന്ത്രിയുടെ യാത്ര 15 മിനിട്ട് വൈകിയെന്നും കമ്മീഷന്‍ പറഞ്ഞു.
അതേസമയം കമ്മീഷന്റെ നടപടിയില്‍ അസ്വാഭാവികതയുണ്ടെന്നു ആരോപിച്ചു കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ മോദിയുടെ വിമാനത്തില്‍ നിന്ന് സുരക്ഷാപരിശോധനയില്‍ ഉള്‍പ്പെടുത്താതെ ഒരു പെട്ടി രഹസ്യമായി സ്വകാര്യ വാഹനത്തില്‍ കയറ്റിക്കൊണ്ടു പോകുന്നതിന്റെ വീഡിയോ വിവാദമായതിന് പിന്നാലെയാണ് പരിശോധന നടത്തിയത്. സ്വകാര്യ വാഹനത്തില്‍ കയറ്റിക്കൊണ്ടു പോയ പെട്ടിയെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തിയിരുന്നു.
മോദി വരുന്നതിനു തലേദിവസം സാംബല്‍പുരിലെത്തിയ ബി.ജെ.പി എം.പിയും കേന്ദ്രമന്ത്രിയുമായ ധര്‍മേന്ദ്ര പ്രധാന്റെ ഹെലികോപ്റ്റര്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ചിരുന്നു. പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരെ മന്ത്രി അധിക്ഷേപിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.