രാജ്യത്തെ സാമ്പത്തിക സ്ഥിതി മോശമാകുന്നതിന് കാരണം ഭരണാധികാരികള്‍ ആണെന്ന് മുന്‍ ധനകാര്യമന്ത്രി പി ചിദംബരം. രാജ്യത്തെ സാമ്പത്തിക രംഗം ഐസിയുവില്‍ അല്ല, എന്നാല്‍ പരിപാലിക്കാന്‍ പ്രാപ്തിയില്ലാത്ത ഡോക്ടര്‍മാര്‍ ഗുരുതരാവസ്ഥയിലുള്ള രോഗിയെ ഐസിയുവിന് പുറത്ത് കിടത്തി പരിശോധിക്കുന്ന അവസ്ഥയിലാണെന്ന് ചിദംബരം പറഞ്ഞു. ഇന്ത്യ ടുഡേയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമ്പത്തിക രംഗം ഐസിയുവില്‍ ആണെന്ന മുതിര്‍ന്ന സാമ്പത്തിക വിദഗ്ധന്‍ അരവിന്ദ് സുബ്രഹ്മണ്യത്തിന്‍റെ പരാമര്‍ശം മുന്‍നിര്‍ത്തിയാണ് നിര്‍മ്മല സീതാരാമന് എതിരെയുള്ള പി ചിദംബരത്തിന്‍റെ പ്രതികരണം. ആവശ്യക്കാര്‍ ഇല്ലെന്നാണ് അവര്‍ അവകാശപ്പെടുന്നത്. തൊഴിലില്ലായ്മ വര്‍ദ്ധിക്കുന്നു, എന്നാലും സര്‍ക്കാര്‍ അവകാശപ്പെടുന്നത് എല്ലാം മംഗളമെന്നാണ്. വളര്‍ച്ചാ സൂചികകള്‍ എല്ലാം താഴേക്ക് നില്‍ക്കുമ്പോള്‍ ഇതെങ്ങനെ ശരിയാവും. എങ്ങനെ ജിഡിപി 7 മുതല്‍ 8 വരെയെത്തുമെന്നും മുന്‍ ധനകാര്യമന്ത്രി ചോദിക്കുന്നു. സാമ്പത്തിക രംഗത്തെ പാഠപുസ്തകങ്ങള്‍ തിരുത്തിയെഴുതേണ്ട രീതിയിലുള്ള അവകാശവാദങ്ങളാണ് സര്‍ക്കാരിന്‍റേത്.
സാഹചര്യം മോശമാണ് എന്നാല്‍ 1991- ലെ അത്ര മോശമല്ലെന്നും ചിദംബരം പറഞ്ഞു. ഏഷ്യയില്‍ 1997-ല്‍ നേരിട്ട സാമ്പത്തിക മാന്ദ്യ അവസ്ഥയോട് അടുത്താണ് രാജ്യമുള്ളത്. എന്നാല്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ അറിയുന്ന ആളുകളുണ്ടെങ്കില്‍ ഈ അവസ്ഥയ്ക്ക് പുറത്തെത്താനാവുമെന്നും ചിദംബരം പറഞ്ഞു.