കള്ളപ്പണം വെളുപ്പിക്കല്‍ക്കേസില്‍ ദക്ഷിണേന്ത്യയില്‍ ഏറ്റവും വലിയ സ്വത്ത് കണ്ടുകെട്ടലുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.). ചെട്ടിനാട് ഗ്രൂപ്പിന്റെ കീഴിലുള്ള സൗത്ത് ഇന്ത്യ കോര്‍പ്പറേഷന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ (എസ്‌ഐസിപിഎല്‍) 298 കോടി രൂപയുടെ സ്വത്തുക്കളാണ് ഇഡി പിടിച്ചെടുത്തത്. ഇപ്പോള്‍ രണ്ടുഘട്ടങ്ങളിലായി 656.2 കോടിയുടെ സ്വത്തുക്കളാണ് ഇഡി പിടിച്ചെടുത്തത്.
തമിഴ്‌നാട് വൈദ്യുതി ഉത്പാദന- വിതരണ കോര്‍പ്പറേഷനിലെ (ടാന്‍ജെഡ്കൊ) ചില ഉദ്യോഗസ്ഥരുമായി ചേര്‍ന്നുള്ള കല്‍ക്കരിത്തട്ടിപ്പുകേസിലാണ് ഇഡിയുടെ നടപടി. സര്‍ക്കാരിന്റെ നടപടിയിലൂടെ തങ്ങള്‍ക്ക് കോടികളുടെ നഷ്ടമുണ്ടായതായി 2023 മാര്‍ച്ചില്‍ ടാന്‍ജെഡ്കൊ നല്‍കിയ പരാതിയില്‍ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം ഇ.ഡി. കേസെടുക്കുകയായിരുന്നു.
വിശാഖപട്ടണത്തുനിന്ന് കല്‍ക്കരി തമിഴ്നാട്ടില്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ടാന്‍ജെഡ്കൊ നല്‍കിയ തുകയില്‍ എസ്‌ഐസിപിഎല്‍ 908.79 കോടിയുടെ ക്രമക്കേട് നടത്തിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
എസ്‌ഐസിപിഎലുമായി ചേര്‍ന്ന് കല്‍ക്കരി ഇറക്കുമതിചെയ്തതിലൂടെ ടാന്‍ജെഡ്കൊയ്ക്ക് 908 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് ഇഡിയ്ക്ക് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. കമ്പനിയുമായി ബന്ധപ്പെട്ട സ്ഥലങ്ങള്‍, ടാന്‍ജെഡ്കൊയുടെ മുന്‍ ഡയറക്ടര്‍ (കല്‍ക്കരി വിഭാഗം), ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരുടേതുള്‍പ്പെടെ പത്തിടങ്ങളില്‍ 2023 ഏപ്രിലില്‍ പരിശോധന നടത്തിയ ഇ.ഡി. 358.2 കോടിയുടെ സ്ഥിരനിക്ഷേപം കണ്ടുകെട്ടിയിരുന്നു. അതിന്റെ തുടര്‍ച്ചയാണ് കഴിഞ്ഞ ദിവസത്തെ നടപടി.