ബിബിസിക്കെതിരെ ഫെമ നിയമപ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. വിദേശ നാണ്യ വിനിമയ ചട്ടം ബി.ബി.സി ലംഘിച്ചുവെന്നാണ് ഇ.ഡി കേസെടുത്തിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗുജറാത്ത് കലാപത്തില്‍ പങ്കുണ്ടെന്ന് ആരോപിക്കുന്ന ‘ഇന്ത്യ ദ മോദി ക്വസ്റ്റ്യന്‍’ ഡോക്യുമെന്ററി സംപ്രേഷണം ചെയ്തതിന് പിന്നാലെ ബി.ബി.സിയുടെ ഡല്‍ഹി, മുംബൈ ഓഫിസുകളില്‍ നടന്ന ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഇന്ത്യയിലെ പ്രവര്‍ത്തനം വഴി ഉണ്ടാക്കുന്ന വരുമാനത്തിന് നിയമാനുസൃതം നല്‍കേണ്ട നികുതി അടക്കാത്തതിന് പലതവണ നോട്ടീസ് നല്‍കിയിട്ടും ബി.ബി.സി അവഗണിച്ചെന്നാണ് ആദായനികുതി വകുപ്പ് വ്യക്തമാക്കുന്നത്. അതേസമയം, ബിബിസി ഓഫീസുകളിലെ ആദായ വകുപ്പിന്റെ നികുതി നടപടികളോട് പ്രതികരിച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. ഇന്ത്യയിലെ ബിബിസി ഓഫീസുകളിലെ കാര്യങ്ങള്‍ കൃത്യമായി നിരീക്ഷിച്ച് വരികയാണെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.