കേരളത്തിലെ ലോട്ടറി വില്‍പ്പനയില്‍ സിക്കിം സര്‍ക്കാരിന് ശതകോടികളുടെ നഷ്ടം; സാന്റിയാഗോ മാര്‍ട്ടിന്റെ 457 കോടിയുടെ സ്വത്തുക്കള്‍ ഇ.ഡി മരവിപ്പിച്ചു

കള്ളപ്പണം വെളുപ്പിച്ച കേസില്‍ ലോട്ടറി രാജാവെന്ന് അറിയപ്പെടുന്ന സാന്റിയാഗോ മാര്‍ട്ടിന്റെ കോടികളുടെ സ്വത്തുകള്‍ ഇഡി മരവിപ്പിച്ചു. 457 കോടിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചത്. സിക്കിം സര്‍ക്കാര്‍ ലോട്ടറി കേരളത്തില്‍ വില്‍പന നടത്തിയതിലൂടെ സിക്കിം സര്‍ക്കാറിന് ശതകോടികളുടെ നഷ്ടമുണ്ടാക്കിയെന്ന കേസിലാണ് സാന്റിയാഗോ മാര്‍ട്ടിന്റെ സ്വത്തുക്കള്‍ ഇ.ഡി മരവിപ്പിച്ചത്.

ഇതിനു മുന്നോടിയായി കഴിഞ്ഞ ദിവസങ്ങളില്‍ മാര്‍ട്ടിന്റെ കോയമ്പത്തൂരിലെ വീട്ടിലും ഓഫിസിലും ഇഡി റെയിഡ്. നേരത്തെ ലോട്ടറി വില്‍പനയില്‍ ചട്ടങ്ങള്‍ ലംഘിച്ച് 910 കോടി രൂപ സമ്പാദിച്ചെന്നും അനധികൃത പണമിടപാട് നടത്തിയെന്നും ആരോപിച്ച് മാര്‍ട്ടിനെതിരെ കൊച്ചി എന്‍ഫോഴ്സ്മെന്റ് വിഭാഗം കേസെടുത്തിരുന്നു.

Read more

ഇതിന്റെ തുടര്‍ നടപടികളുടെ ഭാഗമായിരുന്നു റെയിഡുകള്‍. കോയമ്പത്തൂര്‍ ജില്ലയിലെ തുടിയല്ലൂര്‍ വെള്ളക്കിണറിലെ മാര്‍ട്ടിന്റെ ബംഗ്ലാവിലും ഇദ്ദേഹത്തിന്റെ ഹോമിയോപ്പതിക് മെഡിക്കല്‍ കോളജ് ആശുപത്രിയിലും മാര്‍ട്ടിന്‍ ഗ്രൂപ്പ് ഓഫ് കമ്പനികളുടെയും സ്ഥാപനങ്ങളുടെയും കോര്‍പറേറ്റ് ഓഫിസിലുമാണ് റെയിഡുകള്‍ നടന്നത്. നിരവധി രേഖകള്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിട്ടുണ്ട്. തുടര്‍ന്നാണ് 457 കോടിയുടെ സ്വത്തുകള്‍ കണ്ടുകെട്ടിയത്.