ഡൽഹി ആരോഗ്യമന്ത്രിയെ ഇ.ഡി അറസ്റ്റ് ചെയ്‌തേക്കും, പക്ഷെ ഛന്നിയെ പോലെ കരയില്ല- കെജ്‌രിവാൾ

ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനെ ഇ.ഡി ഉടൻ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന് ആം.ആദ്മി പാർട്ടി അധ്യക്ഷനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‍രിവാള്‍. എന്നാൽ അദ്ദേഹം പഞ്ചാബ് മുഖ്യമന്ത്രി ചരൺജീത് സിങ് ഛന്നിയെ പോലെ കരയില്ലെന്ന് കെജ്‍രിവാള്‍ പറഞ്ഞു.

“ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനെ ഇ.ഡി ഉടൻ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ട്. പഞ്ചാബ് തെരഞ്ഞെടുപ്പിന് മുമ്പ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുമെന്നാണ് അറിയാൻ കഴിഞ്ഞത്. ഇതിനും മുമ്പും ഇ.ഡി പലവുരു അദ്ദേഹത്തിന്‍റെ ഓഫീസ് റെയ്ഡ് ചെയ്തിട്ടുണ്ട്. പക്ഷെ അദ്ദേഹത്തിന്റെ കയ്യിൽ നിന്ന് ഒന്നും ഇക്കൂട്ടർക്ക് ഇതുവരെ കണ്ടെടുക്കാനായിട്ടില്ല. ഇ.ഡി ക്ക് ഞങ്ങളുടെ കൂട്ടത്തിൽ ആരെ വേണമെങ്കിലും റെയ്ഡ് ചെയ്യാം. ജെയിൻ എന്തായാലും ഛന്നിയെ പോലെ കരയില്ല”- കെജ്‍രിവാള്‍ പറഞ്ഞു.

അനധികൃത മണൽഖനനവുമായി ബന്ധപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ ജീത് സിംഗ് ഛന്നിയുടെ മരുമകന്റേയും സുഹൃത്തുക്കളുടേയും വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞയാഴ്ച്ച റെയ്ഡ് നടത്തിയിരുന്നു.റെയ്ഡില്‍ ആറ് കോടിയിലധികം രൂപയാണ് ഇ.ഡി പിടിച്ചെടുത്തത്. ഇതിനെത്തുടർന്ന് തന്നെ വിമർശിച്ച കെജ്‍രിവാളിനെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് ഛന്നി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Read more

പഞ്ചാബ് മുഖ്യമന്ത്രിക്ക് പലതും മറച്ചുവക്കാനുണ്ടെന്നും എന്നാൽ തങ്ങൾക്ക് ഒന്നും ഒളിക്കാല്ലെന്നും തങ്ങൾ ഒരു റെയ്ഡിനേയും ഭയക്കുന്നില്ലെന്നും കെജ്‍രിവാള്‍ പറഞ്ഞു.