കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പലായ സന്ദീപ് ഘോഷിന്റെ വീട്ടിൽ ഇഡി റെയ്ഡ്. ഹൗറ, സുഭാസ്ഗ്രാം, ബലിയഘട്ട എന്നീ സ്ഥലങ്ങളിലുള്ള സന്ദീപ് ഘോഷിന്റെ വസതികളിലാണ് റെയ്ഡ് നടന്നത്. ആർജി കർ മെഡിക്കൽ കോളജിൽ നടന്ന സാമ്പത്തിക തട്ടിപ്പുകളുടെ അടിസ്ഥാനത്തിലാണ് ഇഡിയുടെ നടപടി.
ആശുപത്രിയുടെ ഡാറ്റാ എൻട്രി ഓപ്പറേറ്ററായ പ്രസൂൺ ചാറ്റർജിയുടെ വീട്ടിലും ഇഡി പരിശോധന നടത്തി. ഇന്ന് രാവിലെയാണ് വ്യത്യസ്ത സ്ഥലങ്ങളിലെ സന്ദീപ് ഘോഷിന്റെ വസതികളിൽ ഒന്നിലധികം സംഘങ്ങളായി തിരിഞ്ഞ് ഒരേ സമയം റെയ്ഡ് നടത്തിയത്. സാമ്പത്തിക ക്രമക്കേട് കേസിൽ സന്ദീപ് ഘോഷിനെതിരെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) ഇഡി കേസെടുത്തിരുന്നു. ആശുപത്രിയിൽ നടത്തിയ ക്രമക്കേടുകളെ തുടർന്ന് സന്ദീപ് ഘോഷിനെ കഴിഞ്ഞ ചൊവ്വഴ്ച സിബിഎ അറസ്റ്റ് ചെയ്തിരുന്നു.
ആശുപത്രിയിലെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണം പ്രത്യേക അന്വേഷണ സംഘത്തിൽ നിന്ന് (എസ്ഐടി) സിബിഐക്ക് കൈമാറാൻ കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സന്ദീപ് ഘോഷ് പ്രിൻസിപ്പലായിരുന്ന കാലത്ത് നടന്ന സാമ്പത്തിക ക്രമക്കേടുകളിൽ അന്വേഷണം ആവശ്യപ്പെട്ട് മുൻ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.അക്തർ അലി നൽകിയ പരാതിയിലാണ് ഇഡി അന്വേഷണം നടക്കുന്നത്.
ആർജി കർ ആശുപത്രിയിൽ ബലാത്സംഗത്തിന് ഇരയായി ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിന് ആശുപത്രിയിലെ അഴിമതിയുമായി ബന്ധമുണ്ടെന്ന് ഡോ.അക്തർ അലി ആരോപിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഡോ. അക്തർ അലി സാമ്പത്തിക ക്രമക്കേടുകളിൽ ഇഡി അന്വേഷണം ആവശ്യപ്പെട്ടത്. സന്ദീപ് ഘോഷ് പ്രിൻസിപ്പലായി ഇരുന്ന കാലയളവിൽ മുഴുവൻ ക്രയവിക്രയങ്ങളും പരിശോധിക്കണമെന്നതായിരുന്നു ആവശ്യം.
2021 ഫെബ്രുവരി മുതൽ പ്രിൻസിപ്പൽ പദവിയിലിരിക്കുന്ന സന്ദീപ് ഘോഷ് 2023 സെപ്റ്റംബർ വരെ തുടർന്നു. ഒക്ടോബറിൽ സ്ഥലം മാറ്റം ലഭിച്ചച്ചെങ്കിലും ഒരു മാസത്തിനുള്ളിൽ അദ്ദേഹം ആർജി കർ മെഡിക്കൽ കോളേജിലേക്ക് തന്നെ തിരിച്ചു വന്നു. ആർജി കർ ആശുപത്രിയിൽ ബലാത്സംഗത്തിന് ഇരയായി ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിന് ആശുപത്രിയിലെ അഴിമതിയുമായി ബന്ധമുണ്ടെന്ന് ഡോ.അക്തർ അലി ആരോപിച്ചിരുന്നു. അക്തർ അലിയുടെ ഈ ആരോപണം ഇതോടെ ശക്തമാവുകയാണ്.