ജഗന്‍ മോഹന്‍ റെഡ്ഡിയുടെ കമ്പനിയില്‍ ഡാല്‍മിയ സിമന്റ്‌സിന്റെ 95 കോടിയുടെ നിക്ഷേപം; പ്രത്യുപകാരമായി ഖനനാനുമതി; 793 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇഡി

ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സ്വത്തുക്കള്‍ പിടിച്ചെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. 2011ല്‍ സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇപ്പോള്‍ നടപടിയുണ്ടായിരിക്കുന്നത്. അനധികൃതമായി ഡാല്‍മിയ സിമന്റ്‌സിന് ഖനനാനുമതി നല്‍കിയതും ജഗന്‍ മോഹന്‍ റെഡ്ഡിയുടെ അനധികൃത സ്വത്ത് സമ്പാദനവുമാണ് കേസിന് ആധാരം.

നടപടിയുടെ ഭാഗമായി ജഗന്‍ മോഹന്‍ റെഡ്ഡിയുടേയും ഡാല്‍മിയ സിമന്റ്‌സ് ഭാരത് ലിമിറ്റഡിന്റെയും എണ്ണൂറ് കോടിയോളം രൂപയുടെ സ്വത്തുക്കള്‍ ഇഡി പിടിച്ചെടുത്തു. ഡാല്‍മിയ സിമന്റ്‌സിന്റെ 793 കോടി രൂപ വിലവരുന്ന ഭൂമിയും മൂന്ന് കമ്പനികളിലായി ജഗന്‍മോഹന്‍ റെഡ്ഡിയ്ക്കുണ്ടായിരുന്ന ഇരുപത്തിയേഴര കോടി രൂപ മൂല്യമുള്ള ഓഹരികളുമാണ് ഇഡി കണ്ടുകെട്ടിയത്.

ഡാല്‍മിയ സിമന്റ്‌സ് ഭാരത് ലിമിറ്റഡിന്റെ 377.2 കോടി രൂപയുടെ വസ്തുക്കളും കണ്ടുകെട്ടി. കാര്‍മല്‍ ഏഷ്യ ഹോള്‍ഡിങ് ലിമിറ്റഡ്, സരസ്വതി പവര്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ പ്രൈവറ്റ് ലിമിറ്റഡ്, ഹര്‍ഷ ഫൈന്‍ എന്നീ കമ്പനികളിലെ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ഓഹരികളാണ് ഇഡി കണ്ടുകെട്ടിയത്.

ജഗന്‍ മോഹന്‍ റെഡ്ഡി ആവശ്യപ്പെട്ട പ്രകാരം തന്റെ ഉടമസ്ഥതയിലുള്ള രഘുറാം സിമന്റ്‌സ് ലിമിറ്റഡില്‍ ഡാല്‍മിയ സിമന്റ് 95 കോടി രൂപ നിക്ഷേപിച്ചിരുന്നു. ഇതിന് പകരമായി ഡാല്‍മിയ സിമന്റ്‌സിന് കടപ്പ ജില്ലയില്‍ 407 ഏക്കറിലെ ഖനനാനുമതി വൈഎസ്ആര്‍ സര്‍ക്കാരിന്റെ കാലത്ത് നല്‍കുകയായിരുന്നു.