പൊതുപരീക്ഷകളുടെ സുതാര്യത പരിശോധിക്കാന്‍ കെ.രാധാകൃഷ്ണന്‍; ഉന്നതതലസമിതിയെ നിയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍; പ്രതിഷേധങ്ങള്‍ തണുപ്പിക്കാന്‍ നീക്കം

പൊതുപരീക്ഷകളുടെ സുതാര്യത ഉറപ്പുവരുത്തുന്നതിനു വേണ്ട പരിഷ്‌കാരങ്ങള്‍ നിര്‍ദേശിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക സമിതിയെ നിയോഗിച്ചു. ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ കെ.രാധാകൃഷ്ണന്‍ അധ്യക്ഷനായി ഏഴംഗ സമിതിയാണ് കേന്ദ്രം രൂപീകരിച്ചത്.

ദേശീയ പരീക്ഷ ഏജന്‍സികളുടെ പിഴവുകളും സമിതി പരിശോധിക്കും. എന്‍ടിഎ നടത്തുന്നത് അടക്കമുള്ള പൊതുപരീക്ഷകളിലെ പിഴവുകള്‍ കണ്ടെത്തുന്നതിനും പരിഷ്‌കാരം നിര്‍ദേശിക്കുന്നതിനുമായിട്ടാണ് സമിതിയെ നിയോഗിച്ചതെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. സമിതി രണ്ടുമാസത്തിനകം കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് വിജ്ഞാപനത്തില്‍ പറയുന്നു. കേന്ദ്ര സര്‍ക്കാരിനെതിരെ ഉയരുന്ന പ്രതിഷേധങ്ങള്‍ തണുപ്പിക്കാനാണ് ഉന്നതതല സമിതിയെ നിയോഗിച്ചിരിക്കുന്നത്.

അതേസമയം, വിവാദമായ നീറ്റ് യുജി പരീക്ഷാ ക്രമക്കേടിന്റെ അന്വേഷണം കേന്ദ്ര സര്‍ക്കാര്‍ സിബിഐക്ക് കൈമാറി. പരീക്ഷാ സമ്പ്രദായത്തിന്റെ വിശ്വാസ്യത ഉറപ്പാക്കാനാണ് നടപടിയെന്ന് കേന്ദ്രം വ്യക്തമാക്കി.

നെറ്റ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ അന്വേഷണം നടക്കുന്നുണ്ട്. നിലവില്‍ ബിഹാര്‍ പോലീസാണ് നീറ്റ് യുജി പരീക്ഷാ ക്രമക്കേടില്‍ അന്വേഷണം നടത്തുന്നത്. ഇതിനിടെയാണ് കേസ് സിബിഐക്ക് വിട്ടത്. കേസില്‍ മുഖ്യ പ്രതിക്കായി തിരച്ചില്‍ നടക്കുകയാണ്.