പിണങ്ങിപ്പോയതോ ഷിന്‍ഡേ?; മുഖ്യമന്ത്രി സ്ഥാനം ചൊല്ലി മഹായുതിയില്‍ അസ്വാരസ്യം; ചര്‍ച്ചയ്ക്ക് നില്‍ക്കാതെ നാട്ടിലേക്ക് തിരിച്ച് ഷിന്‍ഡേ; യോഗം അവസാന നിമിഷം മാറ്റി

മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് ഫലം വന്നു ഒരാഴ്ചയാകാറാകുമ്പോഴും മുഖ്യമന്ത്രി ആരെന്ന് ഔദ്യോഗിക പ്രഖ്യാപനം നടത്താതെ ബിജെപി നേതൃത്വം നല്‍കുന്ന മഹായുതി സഖ്യം. ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയാകുമെന്ന് ഏറെകുറെ ഉറപ്പാണെന്നിരിക്കിലും നിലവിലെ മുന്നണിയുടെ മുഖ്യമന്ത്രിയായ ഏക്‌നാഥ് ഷിന്‍ഡെ പ്രയോഗിക്കുന്ന സമ്മര്‍ദ്ദ തന്ത്രങ്ങളില്‍ മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണം ബിജെപിയ്ക്ക് തലവേദനയായിരിക്കുകയാണ്. സാധാരണ ഗതിയില്‍ ബിജെപി നയിക്കുന്ന എന്‍ഡിഎ മുന്നണി വിജയിക്കുന്ന ഇടങ്ങളില്‍ കാലതാമസമില്ലാതെ മുഖ്യമന്ത്രിമാരെ പ്രഖ്യാപിക്കലും സത്യപ്രതിജ്ഞ ചടങ്ങ് നടത്തലുമാണ് സംഭവിക്കാറെങ്കിലും മഹാരാഷ്ട്രയിലെ സ്ഥിതി മറിച്ചാണ്.

ദേവേന്ദ്ര ഫഡ്നാവിസ്, ഏകനാഥ് ഷിന്‍ഡെ, അജിത് പവാര്‍ എന്നി മഹാരാഷ്ട്രയിലെ ബിജെപി നേതൃത്വത്തിലുള്ള മഹായുതിയുടെ ബിഗ് 3 ഇന്നലെ വൈകിട്ട് ഡല്‍ഹിയില്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഫഡ്നാവിസ് മുഖ്യമന്ത്രിയാകുമെന്ന് ഏറെക്കുറെ ഉറപ്പായതോടെ നിലവിലെ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ ഇടഞ്ഞുനില്‍ക്കുകയാണ്. അജിത് പവാറിന്റെ എന്‍സിപി ഫഡ്‌നാവിസിനെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചതോടെ ശിവസേന ഇല്ലെങ്കിലും മഹാരാഷ്ട്രയില്‍ ബിജെപിയ്ക്ക് ഇളക്കം തട്ടാനില്ല. ഈ സാഹചര്യത്തിലാണ് ഷിന്‍ഡെയുടെ പലതരത്തിലുള്ള പിണക്കവും പിന്മാറ്റവും രാഷ്ട്രീയ ചര്‍ച്ചയാവുന്നത്.

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപവത്കരണ ചര്‍ച്ചകള്‍ വഴിമുട്ടിച്ച് ഏക്‌നാഥ് ഷിന്‍ഡേ തന്റെ ഗ്രാമത്തിലേക്ക് പോയതാണ് മുംബൈയില്‍ ഇപ്പോള്‍ ചര്‍ച്ച. വെള്ളിയാഴ്ച നടക്കാനിരുന്ന മഹായുതി നേതാക്കളുടെ കൂടിക്കാഴ്ച അവസാന നിമിഷം മാറ്റിവെയ്‌ക്കേണ്ട അവസ്ഥയിലേക്ക് ഷിന്‍ഡെയുടെ പോക്ക് കാര്യങ്ങള്‍ എത്തിച്ചു. ഗവര്‍ണറിന് രാജി സമര്‍പ്പിച്ച് കാവല്‍ മുഖ്യമന്ത്രിയായ ഏക്നാഥ് ഷിന്‍ഡേ ഇന്ന് നടക്കാനിരുന്ന മുന്നണി യോഗത്തില്‍ പങ്കെടുക്കാന്‍ നില്‍ക്കാതെ സതാരയിലെ തന്റെ ഗ്രാമത്തിലേക്ക് അപ്രതീക്ഷിതമായി തിരിച്ചതോടെയാണ് ചര്‍ച്ച മാറ്റിവെച്ചത്.

യോഗം മാറ്റിവെച്ചിട്ടും സമ്മര്‍ദ്ദ തന്ത്രത്തില്‍ പാര്‍ട്ടിയ്ക്ക് കേട് പറ്റാതിരിക്കാന്‍ ശിവസേന നേതാവ് അസ്വസ്ഥനല്ലെന്നും പെട്ടെന്ന് ഒരാവശ്യത്തിന് തിരിച്ചതാണെന്നുമാണ് മറ്റ് നേതാക്കള്‍ പറയുന്നത്. ഷിന്‍ഡെ നാളെ തിരിച്ചുവരുമെന്നും അതിന് ശേഷം യോഗം ചേരുമെന്നുമാണ് സേന നേതാവ് ഉദയ് സാമന്ത് പറഞ്ഞത്. സീറ്റ് വിഭജന ചര്‍ച്ചകളില്‍ തന്നെ അതൃപ്തിയുണ്ടായിരുന്ന ഷിന്‍ഡെയ്ക്ക് മന്ത്രിസ്ഥാനം അടക്കം കാര്യങ്ങളിലും അതൃപ്തി ഉണ്ടെന്നാണ് പരക്കെ പറയപ്പെടുന്നത്. ഫഡ്നവിസ് മുഖ്യമന്ത്രിയും ഷിന്‍ഡെ ഉപമുഖ്യമന്ത്രിയുമായി സര്‍ക്കാര്‍ എന്ന നിര്‍ദേശമാണ് കേന്ദ്ര ബിജെപി നേതൃത്വം മുന്നോട്ടുവെച്ചതെന്നാണ് വിവരം. കഴിഞ്ഞ കുറി മുന്നണിയ്ക്ക് വേണ്ടി വിട്ടുവീഴ്ച ചെയ്ത് ഫഡ്‌നാവിസിനെ ഉപമുഖ്യമന്ത്രിയാക്കിയത് പോലെ ഇക്കുറി നടപ്പില്ലെന്ന് മഹാരാഷ്ട്രയിലെ ബിജെപിക്കാര്‍ വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി കൈവരിച്ച വലിയ വിജയത്തിന് പാര്‍ട്ടി മുഖ്യമന്ത്രി തന്നെവേണമെന്ന ഉറച്ച നിലപാടിലാണ് ഫഡ്‌നാവിസ് അനുകൂലികളും മഹാരാഷ്ട്ര ബിജെപി നേതൃത്വവും. എന്നാല്‍ മുഖ്യമന്ത്രിസ്ഥാനം വഹിച്ച താന്‍ ഉപമുഖ്യമന്ത്രിയാകാനില്ലെന്ന നിലപാടിലായിരുന്നു ഷിന്‍ഡെ പല സമ്മര്‍ദ്ദ തന്ത്രവും പയറ്റിയെങ്കിലും അജിത് പവാറിന്റെ പിന്തുണ ഫഡ്‌നാവിസിനായതോടെ ആകെ ഒതുങ്ങേണ്ട സ്്ഥിതിയിലാണ്.