കർണാടകയിൽ തിരഞ്ഞെടുപ്പ് പ്രചാരണം പൊടിപൊടിക്കുന്നു; ബെംഗളൂരു നഗരത്തിൽ മെഗാ റോഡ് ഷോയുമായി മോദി

കർണാടകയിൽ ഒരാഴ്ചക്കുള്ളിൽ വോട്ടെടുപ്പ് നടക്കാനിരിക്കെ ബിജെപി പ്രവർത്തകർക്ക് ആവേശം പകർന്ന്  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ. ബെംഗളൂരു നഗരത്തിലെ പ്രധാനപ്പെട്ട  പതിനേഴ് മണ്ഡലങ്ങൾ വഴിയാണ് മെഗാ റോഡ്ഷോ  നടക്കുന്നത്. രാവിലെ പത്ത് മണിക്ക് തുടങ്ങി ഉച്ചക്ക് 12.30 വരെയാണ് റോഡ് ഷോ. തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രധാനമന്ത്രിയുടെ തുടർച്ചയായുള്ള സന്ദർശനങ്ങൾ പ്രചാരണായുധമാക്കുകയാണ് ബിജെപി.

റോഡ് ഷോ നടക്കുന്ന  നഗരത്തിന്റെ ഭാഗങ്ങൾ എല്ലാം തന്നെ ബിജെപിക്ക് ശക്തമായ സ്വാധീനമുള്ളവയാണ്. അതേ സമയം സംസ്ഥാനത്ത് കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ്  പ്രകടന പത്രികക്കെതിരെ വിവാദങ്ങൾ കൊഴുക്കുകയാണ്.  ബജ്റംഗദൾ പോലുള്ള ഗ്രൂപ്പുകളെ സംസ്ഥാനത്ത് നിരോധിക്കുമെന്ന ് കോൺഗ്രസ്  പ്രകടന പത്രികയിൽ പറയുന്നുണ്ട്.

പ്രകടനപത്രികയിലെ പ്രഖ്യാപനം വിവാദമായതോടെ  പിഎഫ്ഐയും ബജ്റംഗദളും പോലുള്ള സംഘടനകൾ സംസ്ഥാനത്ത് ക്രമസമാധാനം തകർക്കുന്നുവെന്ന് മാത്രമാണ് തങ്ങൾ ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കി കോൺഗ്രസ് പാർട്ടിയും നിലപാടിൽ നിന്ന്  പിന്നോട്ട് പോയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ  മെഗാ റോഡ് ഷോയോട് കൂടി ബിജെപിയുടെ പരസ്യ പ്രചാരണം ഇന്ന് അവസാനിപ്പിക്കുകയാണ്.

Read more

കോൺഗ്രസ് സംസ്ഥാനത്ത് അധികാരത്തിലെത്തിയാൽ ഹനുമാൻ ക്ഷേത്രങ്ങൾ പണിയുമെന്ന് കെപിസിസി അദ്ധ്യക്ഷൻ ഡികെ ശിവകുമാർ വാഗ്ദാനം ചെയ്തിട്ടുണ്ട്. രാഹുൽ ഗാന്ധിയും മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ഉൾപ്പെടെയുള്ള പ്രമുഖർ  ഇന്ന് കർണാടകത്തിലെ വിവിധ സ്ഥലങ്ങളിൽ പ്രചാരണത്തിനെത്തുന്നുണ്ട്. സംസ്ഥാനത്ത് ബുധനാഴ്ചയാണ് വോട്ടെടുപ്പ് നടക്കുന്നത്. മെയ് 13 ന് തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരും.