രാജ്യം ഉറ്റുനോക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ്; ജാർഖണ്ഡിലും മഹാരാഷ്ട്രയിലും പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ജാർഖണ്ഡിലും മഹാരാഷ്ട്രയിലും പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ജാർഖണ്ഡിലെ 38 മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ടം വിധിയെഴുതുന്നത്. മുഖ്യമന്ത്രി ഹേമന്ത് സോറൻ, ഭാര്യ കൽപ്പന സോറൻ ഉൾപ്പെടെയുള്ളവർ രണ്ടാം ഘട്ടത്തിലാണ് ജനവിധി തേടുന്നത്. മഹാരാഷ്ട്രയിൽ എൻഡിഎ മുന്നണിയും ഭരണപക്ഷവുമായ മഹായുതിയും ഇന്ത്യ മുന്നണിയായ മഹാവികാസ് അഗാഡിയും തമ്മിൽ ഇത്തവണ കടുത്ത മത്സരമാണ് നടക്കുന്നത്.

ശിവസേനയും എൻസിപിയും രണ്ടായി പിളർന്നതിനു ശേഷമുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പാണിത്. 288 സീറ്റുകളിലേക്കാണ് ബുധനാഴ്ച തിരഞ്ഞെടുപ്പ് നടക്കുക. 23ന് വോട്ടെണ്ണൽ നടക്കും. ഇപ്പോഴുള്ള സർക്കാരിന്റെ കാലാവധി 26ന് പൂർത്തിയാകുന്നതിനാൽ അതിനുമുമ്പ് പുതിയ സർക്കാർ അധികാരത്തിൽ എത്തേണ്ടതുണ്ട്.

Read more

ജാർഖണ്ഡിൽ ആദിവാസി മേഖലകൾ കൂടുതലായുള്ള സന്താൾ പർഗാനയിലാണ് രണ്ടാംഘട്ടത്തിലെ ഭൂരിപക്ഷ സീറ്റുകളും. പരസ്യ പ്രചാരണത്തിന്റെ അവസാന ദിവസമായ ഇന്ന് ആറിലധികം റാലികളിലാണ് മുഖ്യമന്ത്രി ഹേമന്ത് സോറൻ പങ്കെടുക്കുന്നത്. നാല് മണ്ഡലങ്ങളിലെ റാലികളിൽ കല്പനയും പങ്കെടുക്കും. ഗ്രാമങ്ങൾ കേന്ദ്രീകരിച്ചുള്ള റാലികളോടെയാണ് ജാർഖണ്ഡിൽ പരസ്യപ്രചാരണം സമാപിക്കുക.