ഡൽഹിയിൽ ഇന്നലെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാന പോളിംഗ് ശതമാനം തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടിട്ടില്ല എന്നത് തികച്ചും ഞെട്ടിപ്പിക്കുന്നതാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.
“തികച്ചും ഞെട്ടിപ്പിക്കുന്നതാണ്. ഇസി എന്താണ് ചെയ്യുന്നത്? പോളിംഗ് കഴിഞ്ഞ് മണിക്കൂറുകൾക്ക് ശേഷം അവർ എന്തുകൊണ്ടാണ് വോട്ടെടുപ്പ് കണക്കുകൾ പുറത്തുവിടാത്തത്?” കെജ്‌രിവാൾ ട്വീറ്റ് ചെയ്തു.
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ശനിയാഴ്ച വൈകീട്ട് ആറിന് സമാപിച്ചു. ഏകദേശം 22 മണിക്കൂറിനുശേഷവും, യോഗ്യരായ 1.47 കോടി വോട്ടർമാരിൽ എത്രപേർ വോട്ട് ചെയ്തുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ പുറത്തുവിട്ടിട്ടില്ല. വോട്ടെടുപ്പിന്റെ അതേ സായാഹ്നത്തിലാണ് ഈ വിവരം സാധാരണയായി പുറത്തുവിടുന്നത്.
ശനിയാഴ്ച പകൽ കുറഞ്ഞ പോളിംഗ് റിപ്പോർട്ട് ചെയ്തതിന് ശേഷം വൈകിട്ടോടെ തിരഞ്ഞെടുപ്പ് കമ്മീഷൻ പോളിംഗ് വർദ്ധിച്ചതായി റിപ്പോർട്ട് ചെയ്യുകയും വോട്ടിംഗ് അവസാനിക്കുമ്പോൾ താൽക്കാലിക കണക്കുകൾ പ്രകാരം പോളിംഗ് 57.06 ശതമാനമായി പുറത്തുവിടുകയും ചെയ്തു. 2015 ലെ 67.5 ശതമാനം പോളിംഗിനെ അപേക്ഷിച്ച് ഈ കണക്ക് വളരെ കുറവാണ്. എന്നാൽ അവസാന കണക്കിൽ ഈ എണ്ണം കൂടാൻ സാധ്യതയുണ്ടെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്മാർട്ട്‌ഫോൺ ആപ്ലിക്കേഷനിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കണക്കുകളും ഡൽഹിയിൽ ചീഫ് ഇലക്ടറൽ ഓഫീസർ ഓരോ രണ്ട് മണിക്കൂറിലും പുറത്തിറക്കുന്ന കണക്കുകളും തമ്മിലുള്ള വ്യത്യാസവും പകൽ സമയത്ത് പലരും ശ്രദ്ധിച്ചു.
രാത്രി വൈകി, വോട്ടിംഗ് അവസാനിച്ച് ഏകദേശം നാല് മണിക്കൂർ കഴിഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷൻ വക്താവ് ഷെയ്ഫാലി ശരൺ രാത്രി 10:17 ന് ആപ്ലിക്കേഷന്റെ സ്ക്രീൻഷോട്ട് പോസ്റ്റ് ചെയ്തു ഇതിൽ പോളിംഗ് ഏകദേശം 61.43 ശതമാനമാണെന്ന് പറഞ്ഞു.
എന്നിരുന്നാലും, തിരഞ്ഞെടുപ്പ് കമ്മീഷൻ അന്തിമ കണക്ക് ഔദ്യോഗികമായി ഇതുവരെ പുറത്തുവിട്ടിട്ടില്ല.
അതേസമയം ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ (ഇവിഎം) കൃത്രിമം നടത്താൻ ശ്രമം നടന്നുവെന്ന അവകാശവാദം ആം ആദ്മി പാർട്ടി ഉന്നയിക്കുകയും ഇതിനെ പിന്തുണയ്ക്കുന്ന തെളിവുകൾ ഉള്ള വീഡിയോകൾ പുറത്തിറക്കുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ അധികൃതർ ആരോപണം നിഷേധിച്ചു.
ഫെബ്രുവരി 11 നാണ് ഡൽഹി തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നത്.