രാജ്യത്ത് താപനില ഉയരുന്ന പശ്ചാത്തലത്തില്‍ ഉഷ്ണ തരംഗ ആഘാതം കുറയ്ക്കാന്‍ ലോക്സഭ തിരഞ്ഞെടുപ്പില്‍ പാലിക്കേണ്ട നിർദേശങ്ങള്‍ പുറപ്പെടുവിച്ച് കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്‍. ഏപ്രില്‍ മാസത്തില്‍ ഉഷ്ണ തരംഗം രാജ്യത്തുണ്ടാവാന്‍ സാധ്യതയുള്ള സാഹചര്യത്തിലാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ കർശന നിർദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. പൊതുജനങ്ങള്‍ക്കും എല്ലാ സംസ്ഥാനത്തെയും കേന്ദ്രഭരണ പ്രദേശങ്ങളിലെ ചീഫ് ഇലക്ടറല്‍ ഓഫീസർമാർക്കുമായാണ് നിർദേശങ്ങൾ. പോളിംഗ് ബൂത്തുകളില്‍ കുടിവെള്ളവും ടോയ് ലറ്റ് സൗകര്യങ്ങളും ഒരുക്കാന്‍ പ്രത്യേക നിർദേശമുണ്ട്.
ചൂടിനെ പ്രതിരോധിക്കാനുള്ള ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ മാർഗനിർദേശങ്ങള്‍ കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്‍ എല്ലാ ചീഫ് ഇലക്ടറല്‍ ഓഫീസർമാർക്കും കൈമാറി.പോളിംഗ് ബൂത്തുകളില്‍ മതിയായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും ചീഫ് ഇലക്ടറല്‍ ഓഫീസർമാർക്ക് കേന്ദ്ര തിഞ്ഞെടുപ്പ് കമ്മീഷന്‍ നിർദേശം നല്‍കിയിട്ടുണ്ട്.
വോട്ടർമാർക്ക് മതിയായ കുടിവെള്ള സൗകര്യവും ടോയ് ലറ്റ് സൗകര്യങ്ങളും ബൂത്തുകളില്‍ വേണമെന്ന് കർശന നിർദേശമുണ്ട്. പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും വോട്ട് ചെയ്യാന്‍ എളുപ്പത്തിന് ഏറ്റവും താഴത്തെ നിലയില്‍ മാത്രം പോളിംഗ് സ്റ്റേഷന്‍ ഒരുക്കിയാല്‍ മതിയെന്നാണ് ഇലക്ഷൻ കമ്മീഷൻ പുറപ്പെടുവിച്ച നിർദേശത്തിൽ പറയുന്നത്.
ഏപ്രില്‍- ജൂണ്‍ മാസങ്ങളിലായാണ് പതിനെട്ടാം ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രില്‍ 19 മുതല്‍ ജൂണ്‍ 1 വരെ ഏഴ് ഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ജൂണ്‍ നാലാം തിയതിയാണ്. രാജ്യത്ത് ചൂട് ക്രമാതീതമായി വർധിക്കുന്ന കാലയളവിലാണ് പൊതു തിരഞ്ഞെടുപ്പ് നടക്കുന്നത് എന്നതിനാലാണ് നിർദേശങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തിയിരിക്കുന്നത്.