തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡിനെ ആധാറുമായി ബന്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമ മന്ത്രാലയത്തിന് കത്തെഴുതി. തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡിനെ 12 അക്ക ആധാറുമായി ബന്ധിപ്പിക്കുന്നതിന് 1950- ലെ ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി വരുത്തണമെന്നും കത്തില്‍ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കള്ളവോട്ട് തടയാനും ഇരട്ട വോട്ട് തടയാനും നടപടി ഉപകരിക്കുമെന്ന് കമ്മീഷന്‍ പറയുന്നു. എന്നാല്‍ തിരിച്ചറിയല്‍ കാര്‍ഡിനെ ആധാറുമായി ബന്ധിപ്പിക്കണമെന്നത് നിര്‍ബന്ധമല്ലെന്ന നിലപാടായിരുന്നു മുമ്പ് കമ്മീഷന്. 2016- ല്‍ എ.കെ. ജോതി തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതല ഏറ്റതിന് ശേഷമാണ് ഈ നിലപാടില്‍ മാറ്റമുണ്ടായത്. നിലവില്‍ 32 കോടിയോളം ആളുകള്‍ ആധാറുമായി തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് ബന്ധിപ്പിച്ചിട്ടുണ്ട്.
ആധാര്‍ ഉപയോഗിച്ച് 2015- ല്‍ വോട്ടര്‍ പട്ടിക ശുദ്ധീകരിക്കാനായി കമ്മീഷന്‍ പദ്ധതി കൊണ്ടുവന്നെങ്കിലും അത് സുപ്രീം കോടതി തടഞ്ഞിരുന്നു. പൊതുവിതരണ സംവിധാനത്തിന്റെ സുതാര്യതയ്ക്കല്ലാതെ മറ്റ് ഒരു കാര്യത്തിലും ആധാര്‍ നിര്‍ബന്ധിതമാക്കാന്‍ പാടില്ലെന്ന് സുപ്രീം കോടതി 2015-ല്‍ ഉത്തരവിട്ടിരുന്നു. സാമൂഹിക സുരക്ഷാ പദ്ധതികള്‍, പൊതുവിതരണ സമ്പ്രദായം എന്നിവയ്ക്കു മാത്രമേ ആധാര്‍ നിര്‍ബന്ധമാക്കാവൂ എന്നും കോടതി ഉത്തരവിട്ടിരുന്നു.