അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില്‍ കനത്ത പരാജയം നേരിട്ട സാഹചര്യത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി നാളെ അവലോകന യോഗം ചേരും. എഐസിസി ആസ്ഥാനത്ത് നാളെ വൈകിട്ട് നാല് മണിക്കാണ് യോഗം. തിരഞ്ഞെടുപ്പ് പരാജയത്തെ കുറിച്ച് ചര്‍ച്ച നടത്തണമെന്ന് ആവശ്യപ്പെട്ട് ഗ്രൂപ്പ് 23മ നേതാക്കള്‍ നേരത്തെ നേതൃത്വത്തിന് കത്തയച്ചിരുന്നു.
ഉത്തര്‍ പ്രദേശില്‍ പ്രിയങ്കാ ഗാന്ധി ഏറ്റവും സജീവമായി പ്രവര്‍ത്തിക്കുകയും നേതൃത്വം നല്‍കുകയും ചെയ്ത തിരഞ്ഞെടുപ്പായിരുന്നിട്ടും രണ്ടു സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചത്. യുപിയില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥികളില്‍ 97 ശതമാനം പേര്‍ക്കും കെട്ടിവെച്ച കാശ് നഷ്ടമായി. പരാജയത്തെ തുടര്‍ന്ന് രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ ഗ്രൂപ്പ് 23 നേതാക്കള്‍ ഇനി ഗാന്ധി കുടുംബം നേതൃത്വ സ്ഥാനത്ത് വേണ്ട എന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതിന് ശേഷം രാജസ്ഥാനിലെ മുഖ്യമന്ത്രി അശോക് ഗലോട്ടിനെ ആ സ്ഥാനത്തേക്ക് കൊണ്ടുവരാനും മല്ലികാര്‍ജുന ഖാര്‍ഗയെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവാക്കാനുമാണ് ഗാന്ധി കുടുംബം ആലോചിക്കുന്നത്. ഈ ഫോര്‍മുല അംഗീകരിക്കേണ്ട എന്നും ജി 23 നേതാക്കള്‍ തീരുമാനിച്ചു.
ഡല്‍ഹിയില്‍ ഗുലാം നബി ആസാദിന്റെ വസതിയില്‍ നടന്ന യോഗത്തിലാണ് തീരുമാനം. കപില്‍ സിബല്‍, ആനന്ദ് ശര്‍മ്മ, ഭൂപേന്ദ്രഹൂഡ, മനീഷ് തിവാരി എന്നിവരടക്കമുള്ള നേതാക്കളാണ് ഒത്തുകൂടിയത്. സംഘടന ജനറല്‍ സെക്രട്ടറി സ്ഥാനത്തും അഴിച്ചു പണി നടത്തണമെന്നും ആവശ്യമുയരുന്നുണ്ട്.