അഞ്ച് സംസ്ഥാനങ്ങളിലേയും നിയമസഭ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ അടിയന്തര യോഗം ചേരാന്‍ തീരുമാനിച്ച് കോണ്‍ഗ്രസിന്റെ ജി -23 ഗ്രൂപ്പ്. മണിപ്പൂര്‍, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ഗോവ എന്നിവിടങ്ങളില്‍ കനത്ത തകര്‍ച്ചയാണ് കോണ്‍ഗ്രസിന് ഉണ്ടായത്.
‘നിയമസഭ തിരഞ്ഞെടുപ്പിലെ ഫലങ്ങളിലും കോണ്‍ഗ്രസിന്റെ ദ്രുതഗതിയിലുള്ള തകര്‍ച്ചയിലും അസ്വസ്ഥരായ ജി-23 നേതാക്കള്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ യോഗം ചേരും,’ ഒരു മുതിര്‍ന്ന നേതാവ് എഎന്‍ഐയോട് പറഞ്ഞു.
കോണ്‍ഗ്രസിന് ഏറെ പ്രതീക്ഷയുണ്ടായിരുന്ന പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി തൂത്തുവാരുന്ന കാഴ്ചയാണ് കണ്ടത്. ഗോവ, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, മണിപ്പൂര്‍ എന്നിവിടങ്ങളിലും പ്രതീക്ഷിച്ച് നേട്ടം ഉണ്ടാക്കാനായില്ല.
തിരഞ്ഞെടുപ്പ് ഫലത്തിന്മേല്‍ ആത്മപരിശോധന നടത്താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഉടന്‍ വിളിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജേവാല അറിയിച്ചിരുന്നു. ജനവിധി അംഗീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജനവിധി വിനയപൂര്‍വം അംഗീകരിക്കുന്നുവെന്നും പാര്‍ട്ടി ഇതില്‍ നിന്ന് പാഠമുള്‍ക്കൊള്ളുമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രതികരിച്ചിരുന്നു. വിജയിച്ചവര്‍ക്ക് ആശംസകള്‍ അറിയിച്ച ഗാഹുല്‍ ഗാന്ധി എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും സന്നദ്ധപ്രവര്‍ത്തകര്‍ക്കും നന്ദി പറഞ്ഞു. രാജ്യത്തെ ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
സംഘടനാപരമായ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ജി-23 നേതാക്കള്‍ 2020ല്‍ സോണിയാ ഗാന്ധിക്ക് കത്തെഴുതിയിരുന്നു.സിഡബ്ല്യുസി അംഗങ്ങള്‍, പ്രസിഡന്റ്, പാര്‍ട്ടിയുടെ പാര്‍ലമെന്ററി ബോര്‍ഡ് എന്നിവയിലേക്കുള്ള തിരഞ്ഞെടുപ്പുകള്‍ ഉള്‍പ്പെടെയുള്ള സംഘടനാപരമായ പരിഷ്‌കാരങ്ങള്‍ വരുത്തണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരുന്നത്. നിരവധി തവണ തങ്ങളുടെ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് ജി-23 അംഗങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ വലിയ കോളിളക്കങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്.