രാജ്യത്താകമാനം വിമർശനങ്ങൾ ഉയരുന്നതിനിടെ ഇലക്ടറൽ ബോണ്ടിനെ ന്യായീകരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാഷ്ട്രീയ രംഗത്തെ കള്ളപ്പണം തുടച്ചു നീക്കാനാണ് ഇലക്ടറൽ ബോണ്ട് സംവിധാനമെന്നും ബോണ്ട് റദ്ദാക്കിയാൽ കള്ളപ്പണം തിരിച്ചുവരുമെന്ന് ഭയം ഉണ്ടെന്നും അമിത് ഷാ പ്രതികരിച്ചു. സുപ്രീംകോടതിയുടെ വിധി എല്ലാവരും അംഗീകരിക്കണമെന്നും അമിത് ഷാ പറഞ്ഞു. ആകെയുള്ള 20,000 കോടി ഇലക്ടറൽ ബോണ്ടുകളിൽ ബിജെപിക്ക് ലഭിച്ചത് 6,000 കോടി രൂപ മാത്രമാണെന്നും ബാക്കി ബോണ്ടുകൾ എവിടെപ്പോയെന്നും അമിത് ഷാ ചോദിച്ചു.
‘ഇന്ത്യൻ രാഷ്ട്രീയത്തിൽ കള്ളപ്പണം ഇല്ലാതാക്കുന്നതിനു വേണ്ടിയാണ് ഇലക്ടറൽ ബോണ്ട് അവതരിപ്പിച്ചത്. സുപ്രീംകോടതി ഉത്തരവ് പൂര്‍ണമായും ഞാന്‍ മാനിക്കുന്നു, എന്നാൽ ഇലക്ടറൽ ബോണ്ട് പൂർണ്ണമായി റദ്ദാക്കുന്നതിനു പകരം മെച്ചപ്പെടുത്തുകയായിരുന്നു വേണ്ടിയിരുന്നത്’- അമിത് ഷാ പറഞ്ഞു.
രാഹുൽ ഗാന്ധി പറയുന്നത് വലിയ കൊള്ളയാണ് ഇലക്ടറൽ ബോണ്ടിലൂടെ നടന്നതെന്നും ബിജെപിക്കാണ് അതിന്റെ നേട്ടം ലഭിച്ചതെന്നുമാണ്. എന്നാൽ 20,000 കോടിയുടെ ഇലക്ടറൽ ബോണ്ടിൽ ബിജെപിക്ക് ലഭിച്ചത് ഏകദേശം 6000 കോടിയുടെ ബോണ്ടാണ്. ബാക്കി ബോണ്ടുകൾ എവിടേക്കാണ് പോയതെന്ന് അമിത് ഷാ ചോദിച്ചു. തൃണമൂൽ കോൺഗ്രസിന് 1600 കോടിയും കോൺഗ്രസിന് 1400 കോടിയും ബിആർഎസിന് 1200 കോടിയും ബിജെഡിക്ക് 750 കോടിയും ഡിഎംകെയ്ക്ക് 639 കോടിയും കിട്ടിയെന്നും അമിത് ഷാ പറഞ്ഞു.
ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് എന്നത് ബിജെപിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആശയമാണെന്നും ഇതുവഴി ചെലവ് കുറയുന്നതുൾപ്പെടെ നിരവധി സൗകര്യങ്ങളുണ്ടെന്നും ആഭ്യന്തര മന്ത്രി പ്രതികരിച്ചു. രാജ്യത്തുടനീളം നിരവധി തവണ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ വലിയ തുക ചലവഴിക്കേണ്ടിവരുന്നതിനാൽ ആണ് ഇത്തരമൊരു ആശയം കൊണ്ടുവന്നതെന്നും ഷാ പറഞ്ഞു.
Read more
2024 ഫെബ്രുവരി 15നാണ് ഇലക്ടറൽ ബോണ്ടുകൾ സുപ്രീംകോടതി റദ്ദുചെയ്തത്. അതേസമയം ഇലക്ടറല്‍ ബോണ്ട് കേസില്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് വീണ്ടും സുപ്രീംകോടതി നോട്ടീസ് നൽകിയിട്ടുണ്ട്. എസ്ബിഐ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയ വിവരങ്ങള്‍ അപൂര്‍ണമാണെന്നാണ് കോടതിയുടെ നിരീക്ഷണം. എന്തുകൊണ്ടാണ് എല്ലാ വിവരങ്ങളും കൈമാറാതിരുന്നതെന്ന് ചോദിച്ച കോടതി, ഇലക്ടറല്‍ ബോണ്ട് നമ്പറും പുറത്തുവിടണമെന്ന് നിര്‍ദേശിച്ചു.