ഇലക്ടറൽ ബോണ്ട് കേസിൽ എസ്ബിഐക്ക് സുപ്രീംകോടതി നൽകിയ സമയപരിധി ഇന്ന് വൈകുന്നേരം അവസാനിക്കും. സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് നൽകിയ അപേക്ഷ സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്നലെ തള്ളിക്കൊണ്ടാണ് രേഖകൾ സമർപ്പിക്കാൻ കർശന നിർദ്ദേശം നൽകിയത്. ഇന്നത്തെ ബാങ്ക് പ്രവർത്തന സമയം അവസാനിക്കുന്നതിന് മുന്‍പ് തന്നെ വിവരങ്ങള്‍ കൈമാറണമെന്നാണ് കോടതിയുടെ ശാസനം.
ആരൊക്കെ ബോണ്ടുകൾ വാങ്ങിയെന്നുള്ള വിവരങ്ങൾ, ഒരോ പാർട്ടിക്കും കിട്ടിയ ബോണ്ടുകളുടെ വിശദാംശങ്ങളും ഇന്ന് കൈമാറണം. എസ്‌ബിഐ വിവരങ്ങള്‍ നല്‍കുകയാണെങ്കില്‍ വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റില്‍ പരസ്യമാക്കിയേക്കും.
എന്നാൽ ആരു വാങ്ങിയ ബോണ്ടുകളാണ് ഒരോ രാഷ്ട്രീയ പാർട്ടിക്കും കിട്ടിയത് എന്ന വിവരം ഉടൻ പുറത്തുവരില്ല.
വിശദാംശങ്ങള്‍ കൈമാറാന്‍ ജൂണ്‍ 30 വരെ സാവകാശം ആവശ്യപ്പെട്ട എസ്‍ബിഐയെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് രൂക്ഷമായി വിമർശിച്ചിരുന്നു. കോടതിയുടെ ഉത്തരവുകൾ പാലിച്ച ശേഷം സത്യവാങ്മൂലം സമർപ്പിക്കാൻ എസ്‌ബിഐയുടെ ചെയർമാനോടും മാനേജിങ് ഡയറക്ടറോടും നിർദ്ദേശിച്ചിട്ടുണ്ട്. ബോണ്ടുകളുടെ വിൽപനയും അത് പാർട്ടികൾ സ്വീകരിച്ചതിന്റെയും വിവരങ്ങൾ ക്രോഡീകരിക്കാൻ സമയം നീട്ടി നൽകണമെന്നായിരുന്നു എസ്ബിഐ അപേക്ഷ.
എസ്ബിഐ പോലുള്ള ഒരു വലിയ സ്ഥാപനം വിധി വന്ന് 26 ദിവസമായി എന്തുചെയ്യുകയായിരുന്നുവെന്ന് കോടതി ചോദിച്ചു. എസ്ബിഐയിൽ നിന്ന് ആത്മാർത്ഥ പ്രതീക്ഷിച്ചെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. എസ്ബിഐ വെളിപ്പെടുത്താൻ സമയം ചോദിച്ചകുറെ വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ മുദ്രവെച്ച കവറിൽ കോടതിക്ക് നൽകിയതാണ്. ഈ കവർ വാദത്തിനിടെ കോടതി തുറന്നു. ഈ വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷനോട് പ്രസിദ്ധീകരിക്കാൻ കോടതി നിർദ്ദേശിച്ചു. ഈ വിവരങ്ങൾ വെള്ളിയാഴ്ച്ചക്കുള്ളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിക്കാനും കോടതി ഉത്തരവിട്ടു.