മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി. മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. തിരഞ്ഞെടുപ്പിനോട് അടുത്ത് വോട്ടര്‍പട്ടികയില്‍ വന്‍തോതില്‍ കൂട്ടിച്ചേര്‍ക്കല്‍ നടന്നുവെന്നും രാഹുല്‍ ഗാന്ധി ആരോപിക്കുന്നു.
തിരഞ്ഞെടുപ്പിന് മുന്‍പായി വോട്ടര്‍ പട്ടികയില്‍ വലിയതോതില്‍ മാറ്റങ്ങളുണ്ടായി. 72 ലക്ഷം പുതിയ വോട്ടര്‍മാരെയാണ് 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തിട്ടുള്ളത്. പുതുതായി വോട്ടര്‍മാരെ ഉള്‍പ്പെടുത്തിയ 112 നിയമസഭാ മണ്ഡലങ്ങളില്‍ 108 മണ്ഡലങ്ങളിലും ബിജെപി വിജയിച്ചെന്നും രാഹുല്‍ ആരോപിച്ചു.
എവിടെയോ എന്തോ തകരാര്‍ സംഭവിച്ചെന്ന് ഇതില്‍ നിന്ന് വ്യക്തമാണെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ രാഹുലിന്റെ ആരോപണത്തിന് കഴിഞ്ഞ ദിവസം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ മറുപടി പറഞ്ഞിരുന്നു. വോട്ടര്‍പട്ടികയില്‍ നിര്‍ബന്ധിതമായി പേര് നീക്കംചെയ്യലോ പേരു ചേര്‍ക്കലോ ഉണ്ടായിട്ടില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം.