ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഡൽഹി സർക്കാർ ആരംഭിച്ച ഇ-ബസുകൾ നിരത്തിലോടിത്തുടങ്ങി. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഫ്‌ളാഗ് ഓഫ് ചെയ്താണ് സർവ്വീസുകൾ ആരംഭിച്ചത്. മലിനീകരണം കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ബസുകൾ ഇറക്കിയത്. 150 ഇ-ബസുകളാണ് നിരത്തിലോടിത്തുടങ്ങിയിരിക്കുന്നത്. ഈ ബസുകൾക്കായി 150 കോടിരൂപ അനുവദിച്ച കേന്ദ്രത്തിന് നന്ദി അറിയിച്ച ഡൽഹി മുഖ്യമന്ത്രി വാഹനങ്ങൾ വൃത്തിയായി സൂക്ഷിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.
ഇ-ബസുകൾ പ്രോത്സാഹിപ്പിക്കാൻ 1862 കോടി രൂപയാണ് സംസ്ഥാന സർക്കാർ മാറ്റിവെച്ചിരിക്കുന്നത്. ഒരു കോടിയിലധികം രൂപയാണ് ഒരു ഇലക്ട്രിക് ബസിന്റെ നിർമാണ ചെലവ്. ജൂൺ ജുലൈ മാസങ്ങളിൽ 150 ബസുകൾ കൂടി പുറത്തിറക്കും. ഇത്തരത്തിൽ ഒരു വർഷത്തിനകം 2000 ബസുകൾ നിരത്തിലിറക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.
ഈ വർഷം ജനുവരിയിലാണ് ആദ്യ ഇ ബസ് ഡൽഹിയിൽ ഉദ്ഘാടനം ചെയ്തത്.സാധാരണ ബസുകളുടെ യാത്ര നിരക്കുകൾ തന്നെയാണ് ഇലക്ട്രിക് ബസുകൾക്കും. കൂടാതെ ഒറ്റത്തവ ചാർജ് ചെയ്താൽ 180 കി.മി വരെ ബസ് സഞ്ചരിക്കും. ഗതാഗതമന്ത്രി കൈലാശ് ഗെഹ്ലോത്ത്, ചീഫ് സെക്രട്ടറി നരേശ് കുമാർ തുടങ്ങിയവരും ചടങ്ങിന്റെ ഭാഗമായി.
ഉദ്ഘാടനത്തോടനുബന്ധിച്ച് മേയ് 26വരെ എല്ലാവർക്കും ഇ-ബസിലെ യാത്ര സൗജന്യമാണ്. തലസ്ഥാനത്തെ ആദ്യ ഇലക്ട്രിക് ഡിപ്പോയായ പടിഞ്ഞാറൻ ഡൽഹിയിലെ മുണ്ടേല കലാനിൽനിന്നാണ് ബസുകൾ സർവീസ് നടത്തുക. ഇവ നജഫ്ഗഡ്, ധന്സ ബോർഡർ, ആസാദ്പുർ, തിലക് നഗർ, ലാഡോ സരായ്, മംഗ്ലാപുരി, മോത്തി നഗർ, നെഹ്റു പ്ലേസ്, ഐ.എസ്.ബി.ടി. കാശ്മീരി ഗേറ്റ്, ഓൾഡ് ഡൽഹി റെയിൽവേ സ്റ്റേഷൻ തുടങ്ങിയ പ്രദേശങ്ങളെ ബന്ധിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.
മുണ്ടേല കലാനിലെ ഡിപ്പോയിൽ 32 ഡിസി ഫാസ്റ്റ് ചാർജറുകളും ഇലക്ട്രിക് ബസുകൾക്കായി 100 പാർക്കിങ് ബേകളും നിർമിച്ചിട്ടുണ്ട്. രോഹിണി സെക്ടർ 37-ൽ ഇലക്ട്രിക് ബസുകളുടെ സർവീസ് ആരംഭിക്കുന്നതിനു മുന്നോടിയായി നിർമിക്കുന്ന ബസ് ഡിപ്പോ അവസാനഘട്ട പണികളിലാണ്. 48 ഇലക്ട്രിക് ചാർജിങ് സംവിധാനം ഇവിടെ സ്ഥാപിച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചു. കാശ്മീരി ഗേറ്റിലെ ടു-വേ സെൻട്രൽ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുമായി (സി.സി.സി.) ബന്ധിപ്പിച്ചാണ് ബസുകളുടെ പ്രവർത്തനം