ജമ്മു കശ്മീരിലെ ഉധംപുരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികന് വീരമൃത്യു. സ്ഥലത്ത് സുരക്ഷാ സേനയും ജമ്മു കശ്‌മീർ പൊലീസും ചേർന്ന് ഭീകരരെ നേരിടുന്നതായാണ് വിവരം. മൂന്ന് ഭീകരർ വനമേഖലയിൽ തമ്പടിച്ചിരിക്കുകയാണെന്നാണ് സൈന്യം അറിയിക്കുന്നത്. ഇവരുടെ സ്ഥാനം സൈനികർ തിരിച്ചറിഞ്ഞിട്ടുണ്ട്.
പഹൽഗാം ആക്രമണത്തിനു ശേഷമുണ്ടാകുന്ന മൂന്നാമത്തെ ആക്രമണമാണിത്. കശ്മീരിൽ സുരക്ഷാ പരിശോധനക്കിടെയാണ് ഒളിഞ്ഞിരുന്ന ഭീകരർ വെടിയുതിർത്തത്. തുടക്കത്തിൽ വെടിയേറ്റ സൈനികനാണ് വീരമൃത്യു വരിച്ചത്. ഇദ്ദേഹത്തിന് വൈദ്യസഹായം ലഭ്യമാക്കിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ലെന്നാണ് സൈന്യം അറിയിച്ചിരിക്കുന്നത്. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്.
Read more
അതിനിടെ അറബിക്കടലിൽ പാക്ക് തീരത്തോടു ചേർന്ന് പാക്കിസ്ഥാൻ നാവിക അഭ്യാസം പ്രഖ്യാപിച്ചു. മിസൈൽ പരീക്ഷണം ഉൾപ്പെടെ നടത്തിയേക്കുമെന്നും സൂചനയുണ്ട്. ഇന്ത്യയുടെ വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രാന്ത് ഉൾക്കടലിലേക്ക് നീങ്ങിയതായും റിപ്പോർട്ടുണ്ട്.