അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയാകും. ഫഡ്നാവിസിനെ ബിജെപി നിയമസഭ കക്ഷി യോഗത്തിൽ നേതാവായി തിരഞ്ഞെടുത്തു. നാളെ വൈകിട്ട് അഞ്ചിന് മുബൈ ആസാദ് മൈതാനത്ത് ഫഡ്നാവിസിന്‍റെ സത്യപ്രതിജ്ഞ നടക്കും.
നിയമസഭ കക്ഷി യോഗത്തിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണി ആണ് ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. എട്ട് സുപ്രധാന വകുപ്പുകളുടെ ചുമതല ദേവേന്ദ്ര ഫഡ്നാവിസിനുണ്ടാകുമെന്നാണ് സൂചന. അജിത് പവാറും ഏക്നാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രിമാരാകും.
നരേന്ദ്ര മോദിയുടെയും മറ്റ് നേതാക്കളുടെയും സാന്നിധ്യത്തിൽ പുതിയ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യുമെന്ന് ബിജെപി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. അതേസമയം അടുത്തിടെ നടന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ 288 നിയമസഭാ സീറ്റുകളിൽ 230ലും മഹായുതി സഖ്യം വിജയിച്ചു. ബിജെപി 132 സീറ്റിൽ ലീഡ് ചെയ്തപ്പോൾ ശിവസേന 57 സീറ്റും എൻസിപി 41 സീറ്റും നേടി.