എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിന്റെ പലിശ നിരക്ക് 8.1 ശതമാനമായി കുത്തനെ കുറച്ചു. ഇത് ആറു കോടിയോളം മാസ ശമ്പളക്കാരെ പ്രതികൂലമായി ബാധിക്കും. വിവിധ സാമ്പത്തിക സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് തീരുമാനമെന്ന് കേന്ദ്ര തൊഴില്‍മന്ത്രി ഭുപേന്ദ്ര യാദവ് പറഞ്ഞു. നാലു പതിറ്റാണ്ടിനിടെയുണ്ടാകുന്ന ഏറ്റവും കുറഞ്ഞ നിരക്കാണിത്.
2021-22 സാമ്പത്തിക വര്‍ഷം ഇപിഎഫ്ഒ പലിശ നിരക്ക് 8.5 ശതമാനത്തില്‍ നിന്ന് 8.1 ശതമാനമായി കുറയും. കേന്ദ്ര തൊഴില്‍ മന്ത്രി ഭുപേന്ദ്ര യാദവിന്റെ അധ്യക്ഷതയില്‍ ഗുവാഹത്തില്‍ ചേര്‍ന്ന സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് യോഗത്തിലാണ് ധാരണയായത്. പലിശ നിരക്കിന്മേലുള്ള ശുപാര്‍ശയ്ക്ക് കേന്ദ്ര ധനമന്ത്രാലയം അംഗീകാരം നല്‍കണം. 1977-78ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. 76,768 കോടി രൂപ ഈ സാമ്പത്തിക വര്‍ഷം ഇപിഎഫിലെത്തി.
മറ്റ് നിക്ഷേപ പദ്ധതികളെ അപേക്ഷിച്ച് ഇപിഎഫ് പലിശ നിരക്ക് ഉയര്‍ന്ന തോതില്‍ നല്‍കുന്നതില്‍ ധനമന്ത്രാലയം എതിര്‍പ്പറിയിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മോദി സര്‍ക്കാര്‍ തൊഴിലാളികള്‍ക്കു നേരെ കൂടുതല്‍ ആക്രമണം ആരംഭിച്ചതായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി കുറ്റപ്പെടുത്തി.