അഷ്‌റഫ് ഹംസ സംവിധാനം ചെയ്ത ഭീമന്റെ വഴി എന്ന സിനിമയില്‍ വീട്ടിലേക്ക് വഴിയില്ലെന്ന കാരണത്താല്‍ പ്രദേശത്തെ ചെറുപ്പക്കാരുടെ വിവാഹം മുടങ്ങുന്നത് നര്‍മ്മത്തില്‍ ചാലിച്ച് അവതരിപ്പിച്ചിരുന്നു. എന്നാല്‍ മധ്യപ്രദേശിലെ ഒരു ഗ്രാമത്തിലെ ഭൂരിഭാഗം യുവാക്കള്‍ക്കും വിവാഹം മുടങ്ങുന്നതിന്റെ കാരണമാണ് ഇപ്പോള്‍ ദേശീയ തലത്തില്‍ ചര്‍ച്ച ചെയ്യുന്നത്.
മധ്യപ്രദേശിലെ ഛത്തര്‍പൂര്‍ ജില്ലയില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെയുള്ള ബെഹാര്‍വാര ഗ്രാമപഞ്ചായത്തിലെ മഹര്‍ഖുവ ഗ്രാമത്തിലാണ് 60 ശതമാനത്തോളം വരുന്ന യുവാക്കളുടെ വിവാഹം നിരന്തരം മുടങ്ങുന്നത്. ഗ്രാമം നേരിടുന്ന ജലക്ഷാമമാണ് യുവാക്കള്‍ അവിവാഹിതരായി തുടരുന്നതിന് കാരണമായി പറയുന്നത്.
കടുത്ത ജലക്ഷാമം നേരിടുന്ന മഹര്‍ഖുവ ഗ്രാമത്തിലേക്ക് പെണ്‍കുട്ടികളെ വിവാഹം ചെയ്ത് അയയ്ക്കാന്‍ മാതാപിതാക്കള്‍ തയ്യാറാകുന്നില്ല. ദൈനംദിന ജീവിതത്തില്‍ തങ്ങളുടെ ഏറ്റവും വലിയ പോരാട്ടം വെള്ളത്തിനുവേണ്ടിയാണെന്ന് ഗ്രാമവാസികള്‍ പറയുന്നു. ഏറെ കാലമായി ഗ്രാമവാസികള്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നവും ഇതുതന്നെയാണ്.
വന്യമൃഗങ്ങള്‍ ധാരാളമുള്ള വനത്തിലൂടെ മൂന്ന് കിലോമീറ്റര്‍ സഞ്ചരിച്ചാണ് നിലവില്‍ ഗ്രാമത്തിലെ ജനങ്ങള്‍ വെള്ളം ശേഖരിക്കുന്നത്. പകല്‍ സമയം മാത്രമാണ് ഇത്തരത്തില്‍ വെള്ളം ശേഖരിക്കാനാവുക. എന്നാല്‍ വനത്തനുള്ളിലൂടെ യാത്ര ചെയ്ത് ശേഖരിക്കുന്ന വെള്ളവും ശുദ്ധമല്ല. വസ്ത്രങ്ങള്‍ അലക്കുന്നതും കുടിവെള്ളം ശേഖരിക്കുന്നതും ഒരേ ജലസംഭരണിയില്‍ നിന്നാണെന്നും ഗ്രാമവാസികള്‍ പറയുന്നു.