രാഷ്ട്രപതി ഭവനിലെ രണ്ട് ഹാളുകളുടെ പേര് മാറ്റിയ സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധി രംഗത്ത്. ദര്‍ബാര്‍ എന്ന സങ്കല്‍പ്പമില്ലെങ്കിലും ഷഹന്‍ഷാ എന്ന സങ്കല്‍പ്പമുണ്ടല്ലോയെന്ന് പ്രിയങ്ക ഗാന്ധി പരിഹസിച്ചു. രാഷ്ട്രപതി ഭവനിലെ ദര്‍ബാര്‍ ഹാള്‍, അശോക് ഹാള്‍ എന്നീ ഹാളുകളാണ് പുനഃര്‍ നാമകരണത്തിന് വിധേയമാക്കിയത്.
ദര്‍ബാര്‍ ഹാള്‍ ഇനി മുതല്‍ ഗണതന്ത്ര മണ്ഡപ് എന്നും അശോക് ഹാള്‍ ഇനി അശോക് മണ്ഡപ് എന്നും അറിയപ്പെടും. കൊളോണിയല്‍ സംസ്‌കാരത്തില്‍ നിന്നും രാജ്യത്തെ മോചിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുനഃര്‍നാമകരണമെന്ന് രാഷ്ട്രപതി ഭവന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഇതേ തുടര്‍ന്നാണ് പ്രിയങ്ക ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്. അതേ സമയം ഇത് ആദ്യമായല്ല രാഷ്ട്രപതി ഭവന്റെ വിവിധ ഭാഗങ്ങളെ പുനഃര്‍ നാമകരണത്തിന് വിധേയമാക്കുന്നത്. നേരത്തെ രാഷ്ട്രപതി ഭവനിലെ ഉദ്യാനത്തിനും രാഷ്ട്രപതി ഭവന്‍ മുതല്‍ ഇന്ത്യ ഗേറ്റ് വരെയുള്ള പാതയ്ക്കും കേന്ദ്ര സര്‍ക്കാര്‍ പേര് മാറ്റിയിട്ടുണ്ട്.
രാഷ്ട്രപതി ഭവനിലെ മുഗള്‍ ഗാര്‍ഡന്റെ പേര് മാറ്റ് അമൃത് ഉദ്യാന്‍ എന്നാക്കിയിരുന്നു. രാഷ്ട്രപതി ഭവന്‍ മുതല്‍ ഇന്ത്യ ഗേറ്റ് വരെയുള്ള രാജ് പഥിനെ കര്‍തവ്യ പഥ് എന്ന് പുനഃര്‍നാമകരണം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പേര് മാറ്റല്‍ നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രപതി ഭവന് അകത്തേയ്ക്കും കടന്നത്. ഉത്തര്‍ പ്രദേശിലെ ഫൈസാബാദിനെ നേരത്തെ അയോധ്യ എന്ന് പുനഃര്‍നാമകരണം ചെയ്തിരുന്നു.