അഫ്ഗാനിസ്ഥാനിൽ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) പ്രവർത്തനത്തിന് തടവിലായിരുന്ന നിമിഷ ഫാത്തിമ ഉൾപ്പെടെയുള്ളവരെ അഫ്ഗാനിസ്ഥാനിൽ നിന്ന് കൈമാറിയാൽ തന്നെ ഇന്ത്യയിൽ അവരെ കാത്തിരിക്കുന്നത് നീണ്ട നിയമ യുദ്ധം എന്ന് ദി ഹിന്ദു റിപ്പോർട്ട് ചെയ്തു.
നിരോധിക്കപ്പെട്ട ഭീകര സംഘടനയായ ഐഎസ്- ൽ ചേർന്ന നിമിഷ ഫാത്തിമക്കെതിരെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം (യു.എ.പി.എ) പ്രകാരമുള്ള കുറ്റം നിലനിൽക്കും. താലിബാൻ അഫ്ഗാനിസ്ഥാന്റെ ഭരണം ഏറ്റെടുത്ത ശേഷം ജയിലിൽ നിന്ന് മോചിതരായവരിൽ മലയാളിയായ ഫാത്തിമയും ഉൾപ്പെടുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
ഖൊറാസൻ പ്രവിശ്യയിലെ ഐഎസിൽ ചേരാൻ ഫാത്തിമയും മറ്റ് മൂന്ന് പേരും അവരുടെ ഭർത്താക്കന്മാരോടൊപ്പം അഫ്ഗാനിസ്ഥാനിലേക്ക് പോകുകയായിരുന്നു. ഫാത്തിമയുടെ ഭർത്താവും ഐഎസ് പ്രവർത്തകനുമായ ബെക്സൻ വിൻസെന്റ് അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടതായാണ് കരുതപ്പെടുന്നത്. തന്റെ മകളെയും അഞ്ച് വയസ്സുള്ള ചെറുമകൾ ഉമ്മു കുൽസുവിനെയും തിരികെ കൊണ്ടുവരാൻ അടുത്തിടെ ഫാത്തിമയുടെ അമ്മ കെ. ബിന്ദു അധികൃതരെ സമീപിച്ചിരുന്നു.
അതിനിടെ, ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പാലക്കാട് ഐസിസ് കേസുമായി ബന്ധപ്പെട്ട് ഫാത്തിമയെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനെതിരെ യുദ്ധം ചെയ്തതിന് ഫാത്തിമ വിചാരണ നേരിടേണ്ടി വരും. ഫാത്തിമയ്‌ക്കെതിരെ ചുമത്തിയിട്ടുള്ള എല്ലാ കുറ്റങ്ങളും ജാമ്യമില്ലാ വകുപ്പുകളാണ്. യുഎപിഎ കേസുകളിൽ, ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും പ്രഥമദൃഷ്ട്യാ അസത്യമാണെന്നും തോന്നിയാൽ മാത്രമേ കോടതി ജാമ്യം അനുവദിക്കൂ.
അഫ്ഗാനിസ്ഥാനിൽ നടന്നതായി ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങളുമായി ഫാത്തിമയെ ബന്ധിപ്പിക്കുന്നതിനുള്ള തെളിവുകൾ ശേഖരിക്കുക എന്നതാണ് എൻഐഎയുടെ മുന്നിലുള്ള വെല്ലുവിളി. കേസുകൾ തെളിയിക്കാൻ ഡിജിറ്റൽ തെളിവുകളും ഇന്ത്യയിലെ സാക്ഷികളെയും എൻഐഎക്ക് വളരെയധികം ആശ്രയിക്കേണ്ടി വരും. ഫാത്തിമയെ മാപ്പുസാക്ഷിയാക്കാനുള്ള സാദ്ധ്യതയും ഏജൻസി അന്വേഷിച്ചേക്കാം. എന്നാൽ ഇത് കേസിലെ മറ്റ് പ്രതികൾക്കെതിരെ ലഭ്യമായ തെളിവുകൾ ഉൾപ്പെടെ നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു.
ഐഎസിൽ ചേർന്ന ശേഷം ഇന്ത്യയിലേക്ക് മടങ്ങിയെത്തിയതായി കരുതുന്ന ആദ്യ ഇന്ത്യക്കാരനായ സുഭാനി ഹാജ മൊയ്തീനെതിരെ എൻഐഎ സമാനമായ ആരോപണങ്ങൾ തെളിയിച്ചിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ എൻഐഎ കോടതി ഇയാൾക്ക് ജീവപര്യന്തം തടവും 2.1 ലക്ഷം രൂപ പിഴയും വിധിച്ചു. സുഭാനി ഹാജ മൊയ്തീന്റെ കാലിൽ ഒരു റേഡിയോ-ഔപേക് വസ്തു കയറ്റിയിട്ടുണ്ട് എന്ന് സൂചിപ്പിക്കുന്ന ഫോറൻസിക് റിപ്പോർട്ടുകൾ എൻഐഎ ഹാജരാക്കിയിരുന്നു. ഇയാളുടെ ജാക്കറ്റുകളിൽ പൊട്ടാസ്യം നൈട്രേറ്റ്, പൊട്ടാസ്യം ക്ലോറേറ്റ് തുടങ്ങിയ സ്ഫോടകവസ്തുക്കളുടെ അംശം കണ്ടെത്തിയതിനാൽ അദ്ദേഹം ഇറാഖിലെയും സിറിയയിലെയും യുദ്ധമേഖലയിലായിരുന്നുവെന്ന സൂചനയും അന്വേഷണ ഏജൻസിക്ക് ലഭിച്ചിരുന്നു.