കോണ്‍ഗ്രസിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തര അമിത്ഷാ. ഇന്ദിരഗാന്ധി സ്വര്‍ഗത്തില്‍ നിന്ന് മടങ്ങിവന്നാലും ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര അമിത്ഷാ പറഞ്ഞു. ജമ്മു കശ്മീരില്‍ ഒരു കാരണവശാലും ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കില്ലെന്നാണ് ബിജെപി നിലപാടെന്നും അമിത്ഷാ വ്യക്തമാക്കി.
രാജ്യത്ത് 400 വര്‍ഷം പഴക്കമുള്ള ക്ഷേത്രങ്ങളും കര്‍ഷകരുടെ ഭൂമിയും ജനങ്ങളുടെ വീടും വരെ വഖഫ് സ്വത്തായി മാറി. തങ്ങള്‍ വഖഫ് നിയമം ഭേദഗതി ചെയ്യാനായി ബില്ല് കൊണ്ടുവന്നു. എന്നാല്‍ രാഹുല്‍ ഗാന്ധിയും ശരദ് പവാറും ഇതിനെ എതിര്‍ക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പായും വഖഫ് നിയമം ഭേദഗതി ചെയ്യുമെന്നും അമിത്ഷാ കൂട്ടിച്ചേര്‍ത്തു.
ശിവസേന ഇപ്പോള്‍ ഹിന്ദുക്കളെ തീവ്രവാദികളെന്ന് വിളിച്ചവര്‍ക്കൊപ്പമാണ്. ഔറംഗാബാദിന്റെ പേര് സംഭാജി നഗര്‍ എന്ന് പുനര്‍നാമകരണം ചെയ്യുന്നതിനെ എതിര്‍ത്ത, രാമക്ഷേത്ര നിര്‍മ്മാണത്തെ എതിര്‍ത്ത, മുത്തലാഖ് നിര്‍ത്തലാക്കുന്നതിനെ എതിര്‍ത്ത, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ എതിര്‍ത്ത, സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ എതിര്‍ത്തവരുടെ കൂടെയാണ് ഉദ്ധവ് താക്കറെ ഇപ്പോഴുള്ളതെന്നും അമിത്ഷാ പറഞ്ഞു.