ഡൽഹി നഗരത്തിലെ ഫാക്ടറിയിൽ വൻ തീപിടുത്തം. പടിഞ്ഞാറൻ ഡൽഹിയിലെ പീരഗർഹിയിൽ ഫാക്ടറി അവശിഷ്ടങ്ങൾക്കിടയിലാണ് തീപിടുത്തമുണ്ടായത്. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ ഫാക്ടറിക്കുള്ളിൽ പൊട്ടിത്തെറി നടന്നതായും റിപ്പോർട്ടുകളുണ്ട്. ഇന്ന് പുലർച്ചെയാണ് ഫാക്ടറിക്കുള്ളിൽ തീപിടുത്തമുണ്ടായത്. ഫാക്ടറി കെട്ടിടത്തിന്‍റെ ഒരുഭാഗം തകർന്നു വീഴുകയും ചെയ്തു.
തകർന്നുവീണ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ അഗ്നിശമനാ സേനാംഗങ്ങൾ ഉൾപ്പെടെ നിരവധിപ്പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.
35-ഓളം ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെയാണ് കെട്ടിടത്തിന്‍റെ ഒരുഭാഗം തകർന്ന് വീണത്. രാവിലെ 4.30- ഓടെയാണ് തങ്ങൾക്ക് തീപിടുത്തത്തെ കുറിച്ച് വിവരം ലഭിച്ചതെന്ന് അഗ്നിശമന സേനാവിഭാഗം പറയുന്നു. ആദ്യം ഏഴ് യൂണിറ്റുകളെയാണ് സ്ഥലത്തേക്ക് അയച്ചതെന്നും അധികൃതർ വ്യക്തമാക്കി.