വോട്ടിംഗ് മെഷീനെ കുറിച്ച് പരാതി നല്‍കുന്നവര്‍ക്ക് ആരോപണം തെളിയിക്കാനായില്ലെങ്കില്‍ ആറ് മാസം തടവ് നല്‍കുന്നതിനെതിരെ സുനില്‍ അഹ്യ എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചു. വോട്ടു ചെയ്യുമ്പോള്‍ ആളു മാറി പോകുന്നെന്ന പരാതി തെളിയിക്കാനായില്ലെങ്കില്‍ കേസെടുക്കുമെന്ന നിയമമാണ് ഇപ്പോഴുള്ളത്. ഇതിനെതിരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്നോട്ടു വന്നിരുന്നു.
വോട്ടിംഗ് മെഷിന്‍ തകരാറിനെ കുറിച്ച് പരാതി ഉന്നയിച്ചാല്‍ അത് തെളിയിക്കാമായില്ലെങ്കില്‍ തിരഞ്ഞെടുപ്പ് ചട്ടം 49 പ്രകാരം കുറ്റകരമാണ്. തെറ്റായ വിവരം നല്‍കിയതിന് പരാതി ഉന്നയിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ നിയമം 177-ാം വകുപ്പ് പ്രകാരം കേസെടുക്കാം. ആറ് മാസം തടവോ 1,000 രൂപ പിഴയോ രണ്ടുംകൂടിയോ വിധിക്കാവുന്ന കുറ്റമാണിത്.
അതേ സമയം വോട്ടിംഗിനിടെയുണ്ടാകുന്ന തെറ്റുകുറ്റങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതില്‍ നിന്ന് ഇത്തരമൊരു നിയമം വോട്ടറെ പിന്തിരിപ്പിക്കുമെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു.
മൂന്നാം ഘട്ട വോട്ടിംഗിനിടെ ഇത്തരത്തില്‍ വോട്ടിംഗ് മെഷീന്റെ തകരാറിനെതിരെയുള്ള പരാതി തെളിയിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് തിരുവനന്തപുരം സ്വദേശി എബിനെതിരെ കേസെടുത്തിരുന്നു. വോട്ട് ചെയ്ത സ്ഥാനാര്‍ത്ഥിയുടെ വിവരങ്ങളല്ല വിവി പാറ്റ് സ്ലിപ്പില്‍ തെളിഞ്ഞതെന്നായിരുന്നു എബിന്റ ആരോപണം.
Read more
അസമിലെ മുന്‍ ഡിജിപിയും എഴുത്തുകാരനുമായ ഹരേകൃഷ്ണ ദേഖയും ഇതേ ആരോപണവുമായി രംഗത്തു വന്നിരുന്നു. എന്നാല്‍ ഇത് തെളിയിക്കാനായില്ലെങ്കില്‍ ശിക്ഷയനുഭവിക്കേണ്ടി വരുമെന്നതിനാല്‍ പരാതി നല്‍കിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.