കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ തുടങ്ങിയ നമോ ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന പരിപാടികളുടെ ഉള്ളടക്കം പരിശോധിക്കണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. പ്രാദേശിക മാധ്യമ ചട്ടങ്ങള്‍ അനുസരിക്കുന്നവയാണോ പരിപാടികളെന്ന് പരിശോധിക്കാനാണ് ഡല്‍ഹിയിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയത്.
മോദിയുടെ ലോഗോയും പ്രസംഗങ്ങളും സംപ്രേഷണം ചെയ്യുന്ന ചാനലിനെതിരെ വ്യാപകമായ പരാതികള്‍ ഉയര്‍ന്നിരുന്നു. ബിജെപിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ് ടിവിയുടെ പ്രൊമോട്ടര്‍മാര്‍ എന്നാണ് വാര്‍ത്തകള്‍. തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചാണ് ചാനല്‍ പ്രവര്‍ത്തനം തുടങ്ങിയതെന്നും വാര്‍ത്തകള്‍ നല്‍കുന്നതെന്നുമായിരുന്ന നമോ ടിവിയ്‌ക്കെതിരെയുള്ള പ്രധാന വിമര്‍ശനം.
ചാനലില്‍ നിരീക്ഷക സമിതിയുടെ അനുമതി ലഭിച്ചിട്ടിട്ടുണ്ടോയെന്ന കാര്യവും പരിശോധിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
തിരഞ്ഞെടുപ്പ് കാലയളവില്‍ രൂപീകരിക്കപ്പെടുന്ന നിരീക്ഷക സമിതികളുടെ ചുമതലയാണ് തിരഞ്ഞെടുപ്പ് ചട്ടലംഘനങ്ങള്‍ നിരീക്ഷിക്കുക എന്നത്. മാധ്യമങ്ങള്‍ പ്രധാനമായും ഇവയുടെ നിരീക്ഷണ പരിധിയില്‍ പെടുന്നു.
ഇതിനു പിന്നാലെയാണ് ചാനലിന്റെ ഉള്ളടക്കം പരിശോധിക്കാന്‍ മുഖ്യതിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. മാര്‍ച്ച് 31 നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി നമോ ചാനല്‍ ഉദ്ഘാടനം ചെയ്തത്.