പ്രവാചകനിന്ദ വിഷയത്തില്‍ ബിജെപി നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിച്ചതില്‍ പ്രതികരണവുമായി സുബ്രഹ്‌മണ്യം സ്വാമി. മോദിയുടെ എട്ട് വര്‍ഷത്തെ ഭരണത്തിനിടെ ഭാരത മാതാവിന് അപമാനത്താല്‍ തലകുനിക്കേണ്ടി വന്നുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
ചൈനയ്ക്ക് മുമ്പില്‍ ലഡാക്കില്‍, അമേരിക്കയ്ക്ക് മുന്‍പില്‍ ക്വാഡ് കൂട്ടായ്മയില്‍, യുക്രയ്ന്‍ വിഷയത്തില്‍ റഷ്യയ്ക്ക് മുമ്പിലും കീഴടങ്ങിയ മോദി സര്‍ക്കാര്‍ ഇപ്പോള്‍ ഖത്തര്‍ പോലുള്ള കുഞ്ഞു രാജ്യത്തിന് മുന്നില്‍ സാഷ്ടാംഗം പ്രണമിക്കുകയാണെന്നും സ്വാമി കുറ്റപ്പെടുത്തി. ഇന്ത്യയുടെ വിദേശനയത്തിന്റെ പാപ്പരത്തമാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം തുറന്നടിച്ചു.
ബിജെപി വക്താക്കളുടെ വിവാദ പ്രസ്താവനയില്‍ കേന്ദ്രസര്‍ക്കാര്‍ ഖേദം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് ഇപ്പോള്‍ ട്വീറ്റുമായി അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.
‘എട്ട് വര്‍ഷത്തെ മോദി ഭരണത്തിനിടെ ഇന്ത്യ ലഡാക്കില്‍ ചൈനയുടെ മുമ്പില്‍ ഇഴഞ്ഞുനീങ്ങി, യുക്രൈന്‍ വിഷയത്തില്‍ റഷ്യയുടെ മുമ്പില്‍ മുട്ടുകുത്തി, ക്വാഡില്‍ അമേരിക്കക്ക് കീഴടങ്ങി, ഇപ്പോഴിതാ ചെറിയ രാജ്യമായ ഖത്തറിനു മുന്നിലും ദണ്ഡനമസ്‌കാരം നടത്തിയിരിക്കുന്നു.’ സുബ്രഹ്‌മണ്യന്‍ സ്വാമി ട്വീറ്റില്‍ പറയുന്നു. വിദേശകാര്യനയത്തിന്റെ അപചയമാണ് സംഭവിച്ചിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.
സംഭവത്തില്‍ അറബ് രാഷ്ട്രങ്ങളില്‍ കടുത്ത പ്രതിഷേധമാണുയരുന്നത്. ഇന്ത്യന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി ഖത്തറും, കുവൈറ്റും പ്രതിഷേധമറിയിച്ചു.ഒമാന്‍ ഗ്രാന്റ് മുഫ്ത്തിയും പ്രസ്ചാവനകളെ ശക്തമായി അപലപിച്ചു. വക്താക്കളുടേത് സര്‍ക്കാര്‍ നിലപാടല്ലെന്ന് ഇന്ത്യ വ്യക്തമാക്കിയതിന് പിന്നാലെ നുപുര്‍ ശര്‍മ്മയേയും,നവീന്‍ കുമാര്‍ ജിന്‍ഡാലിനെയും ബിജെപി പുറത്താക്കുകയായിരുന്നു.