തമിഴ്‌നാട്ടില്‍ പടക്കനിര്‍മ്മാണ ശാലയില്‍ പൊട്ടിത്തെറി, മൂന്ന് മരണം

തമിഴ്‌നാട് വിരുദുനഗറില്‍ പടക്കനിര്‍മ്മാണ ശാലയില്‍ പൊട്ടിത്തെറി. അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. ഏഴ് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തമിഴ്നാട്ടിലെ വിരുദുനഗര്‍ ജില്ലയിലെ സത്തൂരിനടുത്ത് മഞ്ഞളോടൈപ്പട്ടിയിലെ ഫാക്ടറിയിലാണ് അപകടമുണ്ടായത്.

ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടം ഉണ്ടായത്. വെടിമരുന്ന് നിര്‍മ്മിക്കാനുള്ള രാസവസ്തുക്കള്‍ കൂട്ടിച്ചേര്‍ക്കുന്നതിനിടെ ആയിരുന്നു പൊട്ടിത്തെറി ഉണ്ടായത്. പടക്കനിര്‍മ്മാണ ശാല പൂര്‍ണ്ണമായും കത്തിനശിച്ചു. വിരുദുനഗര്‍, സാറ്റുപേട്ടി, ശിവകാശി എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ടീമുകളാണ് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയത്.

അപകടത്തിന് പിന്നാലെ ഏഴായിരംപണ്ണെ പൊലീസ് കേസെടുത്തിട്ടുണ്ട്. മാനദണ്ഡങ്ങള്‍ ലംഘിച്ചിട്ടുണ്ടോ എന്നത് പരിശോധിച്ചുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.

Read more

പുതുവര്‍ഷ ദിനത്തില്‍ ശിവകാശിക്ക് സമീപം പടക്ക നിര്‍മാണ യൂണിറ്റ് പൊട്ടിത്തെറിച്ച് അഞ്ച് പേര്‍ മരിക്കുകയും പത്ത് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ശിവകാശി, വിരുദുനഗര്‍ ജില്ലകളിലും സമീപ പ്രദേശങ്ങളിലുമുള്ള നിരവധി യൂണിറ്റുകളിലും ഉണ്ടായ സ്ഫോടനങ്ങള്‍ നിരവധി മരണങ്ങള്‍ക്ക് ഇടയാക്കുകയും, പലര്‍ക്കും ഗുരുതര പരിക്കേല്‍ക്കുന്നതിനും കാരണമായിട്ടുണ്ട്.