പബ്ജി കളിയിലെ കൂട്ടാളിയുടെ യാത്ര മുടക്കാന്‍ റെയില്‍വേ സ്റ്റേഷനില്‍ വ്യാജ ബോംബ് ഭീഷണി മുഴക്കി 12 വയസുകാരന്‍. ബെംഗളൂരുവിലെ യെലഹങ്ക റെയില്‍വേ സ്റ്റേഷനിലാണ് ബോംബ് വച്ചിട്ടുള്ളതായി ആണ്‍കുട്ടി റെയില്‍വേ പൊലീസിനെ വിളിച്ചറിയിച്ചത്. തന്റെ സുഹൃത്ത് സ്റ്റേഷനില്‍ നിന്ന് കാച്ചെഗുഡ എക്സ്പ്രസില്‍ കയറി പോകാതിരിക്കാനാണ് യെലഹങ്ക സ്വദേശിയായ വിദ്യാര്‍ത്ഥി ഈ തന്ത്രം പ്രയോഗിച്ചത്. ബോംബ് ഭീഷണിയെത്തുടര്‍ന്ന് പല ട്രെയിനുകളും മണിക്കൂറുകളോളം വൈകി.
ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് റെയില്‍വേ ഹെല്‍പ്പ് ലൈന്‍ നമ്പറിലേക്ക് സ്റ്റേഷനില്‍ ബോംബ് ഉണ്ടെന്ന തരത്തില്‍ ഒരു കോള്‍ ലഭിച്ചത്. ഉടന്‍ തന്നെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് (ആര്‍പിഎഫ്) സ്റ്റേഷന്‍ വളഞ്ഞിരുന്നു. ഡോഗ് സ്‌ക്വാഡ് എത്തി പരിശോധന നടത്തി. ഇതോടെയാണ് വ്യാജ സന്ദേശമാണെന്ന് തെളിഞ്ഞത്.
കോള്‍ വന്ന നമ്പറിലേക്ക് തിരിച്ച് വിളിക്കാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. തുടര്‍ന്ന് അവസാന ലൊക്കേഷന്‍ കണ്ടെത്തുകയും യെലഹങ്കയിലെ വിനായക് നഗറിലുള്ള ഒരു വീടാണെന്ന് മനസ്സിലാക്കുകയും ചെയ്തു. പബ്ജിക്ക് അടിമയായ ആണ്‍കുട്ടിയാണ് ഫോണ്‍ വിളിച്ചതെന്ന് കണ്ടെത്തി. ഒരുമിച്ച് ഗെയിം കളിക്കാന്‍ വേണ്ടിയാണ് കൂട്ടുകാരന്റെ യാത്ര തടയാന്‍ ശ്രമിച്ചത്.
കുട്ടിയുടെ മാതാപിതാക്കളെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി ഉപദേശം നല്‍കി. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയായതിനാല്‍ കുട്ടിക്കെതിരെ നടപടി എടുത്തില്ലെന്നും വീട്ടിലെത്തി കൗണ്‍സിലിങ് നല്‍കിയതായും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.