ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയുടെ പേരില്‍ വ്യാജ വാട്ട്സ്ആപ്പ് അക്കൗണ്ട് ഉണ്ടാക്കി തട്ടിപ്പ്. സ്പീക്കറുടെ ഫോട്ടോ ഉപയോഗിച്ചാണ് വ്യാജ അക്കൗണ്ട് ഉണ്ടാക്കി തട്ടിപ്പ് നടത്തിയിരുന്നത്. പണം ആവശ്യപ്പെട്ട് എംപിമാര്‍ക്ക് സന്ദേശങ്ങള്‍ അയച്ചിരുന്നു. സംഭവത്തില്‍ മൂന്ന് പേരെ ഒഡീഷ പൊലീസ് അറസ്റ്റ് ചെയ്തു.
വിഷയം ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിട്ടുണ്ടെന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചു.
‘ചില കുബുദ്ധികള്‍ എന്റെ പേരില്‍ പ്രൊഫൈല്‍ ഫോട്ടോ സഹിതം വ്യാജ അക്കൗണ്ട് ഉണ്ടാക്കി എംപിമാര്‍ക്കും മറ്റുള്ളവര്‍ക്കും 7862092008, 9480918183, 9439073870 എന്നീ നമ്പറുകളില്‍ സന്ദേശങ്ങള്‍ അയച്ചു. വിഷയം ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിട്ടുണ്ട്. ഇവയില്‍ നിന്നും മറ്റ് നമ്പറുകളില്‍ നിന്നുമുള്ള കോളുകള്‍/സന്ദേശങ്ങള്‍ ദയവായി അവഗണിക്കുകയും എന്റെ ഓഫീസിനെ അറിയിക്കുകയും ചെയ്യുക. ,’ സ്പീക്കര്‍ ട്വീറ്റ് ചെയ്തു.
കഴിഞ്ഞ മാസം, ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവായി ആള്‍മാറാട്ടം നടത്തി ഒരാള്‍ സാമ്പത്തിക സഹായം അഭ്യര്‍ത്ഥിച്ച് വിഐപികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സന്ദേശങ്ങള്‍ അയച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ ഓഫീസ് ആഭ്യന്തര മന്ത്രാലയത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
Read more
കേരള നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷിന്റെ പേരിലും സമാനമായ രീതിയില്‍ തട്ടിപ്പ് നടന്നിരുന്നു. കേരളത്തിലെ നിരവധി എംഎല്‍എമാര്‍ക്കും മുന്‍ മന്ത്രിമാര്‍ക്കും തന്റെ പുതിയ നമ്പര്‍ സേവ് ചെയ്യാന്‍ ആവശ്യപ്പെട്ടാണ് സന്ദേശം അയച്ചത്. ഇവര്‍ പ്രതികരിക്കുന്നതോടെ പണം ആവശ്യപ്പെടുകയായിരുന്നു.