ബംഗളുരുവില്‍ ദേശീയഗാനത്തിന്റെ സമയത്ത് സിനിമാ തിയേറ്ററില്‍ എഴുന്നേറ്റ് നില്‍ക്കാത്തതിന് കുടുംബത്തെ ഇറക്കി വിട്ടു. കന്നട സിനിമാ താരങ്ങളും തിയേറ്ററിലെത്തിയ മറ്റുള്ളവരും ചേര്‍ന്നാണ് ഇവരെ ആക്രമിച്ചത്. ദേശവിരുദ്ധരാണോ എന്ന് ചോദിച്ചാണ് മര്‍ദ്ദനം.
കന്നട നടി ബി വി ഐശ്വര്യയാണ് ഫെയ്‌സ്ബുക്ക് പേജിലൂടെ വീഡിയോ പങ്കുവെച്ചത്. ഒക്ടോബര്‍ 23-നാണ് സംഭവം. “” ഇന്ത്യന്‍ പൗരന്മാരെന്ന് പറയപ്പെടുന്ന ഇവര്‍ ദേശീയഗാനത്തിന് എഴുന്നേല്‍ക്കാന്‍ തയ്യാറായില്ല. ഇത്തരം രാജ്യദ്രോഹികളെ ശരിയാക്കാന്‍ ഇവിടെ നമ്മള്‍ യഥാര്‍ത്ഥ പൗരന്മാര്‍ ഇല്ലേ. “”- എന്നാണ് വീഡിയോയ്ക്ക് നല്‍കിയിരിക്കുന്ന കുറിപ്പ്. നടന്‍ ധനുഷ് നായകനായ തമിഴ് ചിത്രം അസുരന്‍ കാണാനെത്തിയതായിരുന്നു കുടുംബം.
ഐശ്വര്യയും മറ്റൊരു സിനിമാ താരമായ അരു ഗൗഡയുമാണ് വീഡിയോ ഷൂട്ട് ചെയ്തത്. എന്താണ് എഴുന്നേല്‍ക്കാത്തതെന്ന ചോദ്യത്തിന് പൊലീസില്‍ പരാതിപ്പെട്ടോളാന്‍ ആയിരുന്നു ഇവരുടെ മറുപടിയെന്ന് അരു വീഡിയോയില്‍ പറയുന്നു. പാകിസ്ഥാനില്‍ നിന്നുള്ള ഭീകരവാദികളാണോ എന്നും ആ കുടുംബത്തോട് ഇവര്‍ ചോദിക്കുന്നുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നും വേണ്ട നടപടി സ്വീകരിക്കുമെന്നും ഡിസിപി ശശികുമാര്‍ പറഞ്ഞു.