പുര കത്തുന്നതിനിടയില്‍ വാഴ വെട്ടാനിറങ്ങിയത് വിമാനക്കമ്പനികള്‍; ആറിരട്ടി ഉയര്‍ത്തി ശ്രീനഗറിലേക്കുള്ള ടിക്കറ്റ് നിരക്ക്; കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടതോടെ നിരക്കും കുത്തനെ കുറച്ചു അധിക സര്‍വീസുകളും പ്രഖ്യാപിച്ചു

ജമ്മു കശ്മീരിലെ പെഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ ഡല്‍ഹിയില്‍ നിന്ന് ശ്രീനഗറിലേക്കുള്ള വിമാന നിരക്ക് കുത്തനെ വര്‍ദ്ധിപ്പിച്ച വിമാനക്കമ്പനികള്‍ കേന്ദ്ര സര്‍ക്കാരിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് കുത്തനെ നിരക്ക് കുറച്ചു. ഭീകരാക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്. 20ല്‍ ഏറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ലോകരാജ്യങ്ങള്‍ ഇന്ത്യയിലുണ്ടായ ഭീകരാക്രമണത്തെ അപലപിക്കുന്നതിനിടെയാണ് വിമാനക്കമ്പനികള്‍ ലാഭക്കൊതിയുമായി അവസരം മുതലെടുക്കാന്‍ ശ്രമിച്ചത്. രാജ്യത്തെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ജിദ്ദയില്‍ നിന്ന് ഇന്ത്യയില്‍ തിരിച്ചെത്തിയിരുന്നു. സംഭവത്തിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീനഗറില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.

രാജ്യം കൊടുംഭീകരതയില്‍ വിറങ്ങലിക്കുമ്പോഴും അവസരം മുന്നില്‍ കണ്ട് ഡല്‍ഹിയില്‍ നിന്ന് ശ്രീനഗറിലേക്കുള്ള വിമാന നിരക്ക് കമ്പനികള്‍ വര്‍ദ്ധിപ്പിക്കുകയായിരുന്നു. ആറ് മടങ്ങിലേറെ നിരക്ക് വര്‍ദ്ധിപ്പിച്ച് 65,000 രൂപ വരെ ഇന്ന് ടിക്കറ്റ് നിരക്ക് ഉയര്‍ത്തി. വിമാനക്കമ്പനികളുടെ കൊള്ളലാഭം വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായതോടെ കേന്ദ്ര സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടുകയായിരുന്നു.

്‌സിവില്‍ ഏവിയേഷന്‍ മന്ത്രാലയം വിഷയത്തില്‍ ഇടപെടുകയും വിലകള്‍ നിയന്ത്രിക്കാനും സാധാരണ നിരക്ക് നിലനിറുത്താനും വിമാനക്കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. തുടര്‍ന്ന് വിമാനക്കമ്പനികള്‍ കേന്ദ്ര സര്‍ക്കാരിന് വഴങ്ങുകയായിരുന്നു. പിന്നാലെ വിമാനക്കമ്പനികള്‍ യാത്രാ നിരക്കുകള്‍ ഗണ്യമായി കുറച്ചു. അതേ റൂട്ടുകളില്‍ ഏകദേശം 14,000 രൂപയായി നിരക്ക്.

ഇതുകൂടാതെ എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും ഉള്‍പ്പെടെയുള്ള വിമാനക്കമ്പനികള്‍ അധിക സര്‍വീസുകളും ഡല്‍ഹിയില്‍ നിന്ന് ശ്രീനഗറിലേക്കും തിരികെയും പ്രഖ്യാപിച്ചു. ഏപ്രില്‍ 23 ന് രാവിലെ 11:30 ന് ഡല്‍ഹിയിലേക്കും ഉച്ചയ്ക്ക് 12:00 ന് മുംബൈയിലേക്കും ശ്രീനഗറില്‍ നിന്ന് രണ്ട് അധിക വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.

ഏപ്രില്‍ 30 വരെ സ്ഥിരീകരിച്ച ബുക്കിംഗുകളുള്ള യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിംഗും റദ്ദാക്കലുകള്‍ക്ക് പൂര്‍ണ്ണ റീഫണ്ടും എയര്‍ ഇന്ത്യ ഉറപ്പുനല്‍കി. ഇന്‍ഡിഗോയും ഇതേ മാതൃക പിന്തുടര്‍ന്ന് ഒരേ ദിവസം രണ്ട് പ്രത്യേക വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്തു. ഡല്‍ഹിയിലേക്കും മുംബൈയിലേക്കും ഓരോ അധിക സര്‍വീസും നടത്തുമെന്ന് അറിയിച്ചു.

ഏപ്രില്‍ 22നും അതിന് മുന്‍പ് ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് ഏപ്രില്‍ 30 വരെ റീഷെഡ്യൂളിംഗ് അല്ലെങ്കില്‍ റദ്ദാക്കല്‍ ചാര്‍ജുകള്‍ക്കുള്ള ഇളവുകളും ഇന്‍ഡിഗോ വാഗ്ദാനം ചെയ്യുന്നു. അതേസമയം ഭീകരാക്രമണത്തില്‍ പാകിസ്ഥാന്‍ ആശങ്ക പ്രകടിപ്പിച്ചെങ്കിലും നേരിട്ടുള്ള പങ്കാളിത്തം നിഷേധിച്ചതോടെ സംഭവം വീണ്ടും നയതന്ത്ര സമ്മര്‍ദ്ദത്തിലേക്ക് നയിച്ചിട്ടുണ്ട്.