ഡൽഹിയിൽ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർ ചിക്കൻ ബിരിയാണി കഴിക്കുന്നതിനാൽ രാജ്യവ്യാപകമായി പക്ഷിപ്പനി പടരുമെന്ന് രാജസ്ഥാനിൽ നിന്നുള്ള ബിജെപി എം.എൽ.എ. രാജ്യത്ത് ഇത്തരമൊരു പ്രതിസന്ധി സൃഷ്ടിക്കാൻ ഗൂഢാലോചന നടത്തുന്നവർ “തീവ്രവാദികൾ, കൊള്ളക്കാർ, കള്ളന്മാർ” എന്നിവരാകാമെന്ന് രാംഗഞ്ച് മണ്ഡിയിൽ നിന്നുള്ള എം.എൽ.എ മദൻ ദിലാവർ പറഞ്ഞു. മദൻ ദിലാവർ ഇക്കാര്യങ്ങൾ പറയുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
പ്രതിഷേധിക്കുന്ന കർഷകർ രാജ്യത്തെയോ ജനങ്ങളെയോ കുറിച്ച് ചിന്തിക്കുന്നില്ല. കർഷകരുടെ പ്രതിഷേധം ഒരു വിനോദയാത്ര മാത്രമാണ് എന്ന് കർഷക പ്രക്ഷോഭകർക്കെതിരെ സംസാരിച്ച മദൻ ദിലാവർ പറഞ്ഞു.
“അവർ ബിരിയാണിയൊക്കെ കഴിച്ച് ആഘോഷിക്കുകയാണ്. അവർ കാജു-ബദാം കഴിക്കുകയാണ്. അവർ എല്ലാവിധത്തിലും ആസ്വദിക്കുന്നു. അവർ പതിവായി വേഷം മാറുന്നു. അവരിൽ ധാരാളം തീവ്രവാദികളും കള്ളന്മാരും കൊള്ളക്കാരും ഉണ്ടാകാം, അവരാണ് കർഷകരുടെ ശത്രുക്കൾ,” മദൻ ദിലാവർ പറഞ്ഞു.
“അപേക്ഷിച്ചോ ബലപ്രയോഗത്തിലൂടെയോ അടുത്ത ദിവസങ്ങളിൽ സർക്കാർ അവരെ നീക്കം ചെയ്തില്ലെങ്കിൽ, പക്ഷി പനി പ്രശ്‌നം രാജ്യം അഭിമുഖീകരിക്കുമെന്ന് ഞാൻ സംശയിക്കുന്നു,” മദൻ ദിലാവർ പറഞ്ഞു.
കേരളം, രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിൽ ഏവിയൻ ഫ്ലൂ (പനി പക്ഷിപ്പനി) പടർന്നുപിടിച്ചതായി റിപ്പോർട്ടുകൾ വന്ന പശ്ചാത്തലത്തിലാണ് രാജസ്ഥാൻ എംഎൽഎയുടെ വിദ്വേഷ പരാമർശങ്ങൾ.