കർഷക പ്രതിഷേധത്തിന് കാരണമായ മൂന്ന് നിയമങ്ങൾ സുപ്രീംകോടതി താത്കാലികമായി നിർത്തിവെച്ചിട്ടുണ്ട് സർക്കാർ ആ ഉത്തരവിനെ മാനിക്കുമെന്ന് രാഷ്‌ട്രപതി രാം നാഥ് കോവിന്ദ്. അതേസമയം കേന്ദ്ര സർക്കാർ കൊണ്ടുവന്ന നിയമങ്ങളെ രാഷ്‌ട്രപതി ശക്തമായി പ്രതിരോധിച്ചു.
നിയമത്തെച്ചൊല്ലിയുള്ള തെറ്റിദ്ധാരണകൾ പരിഹരിക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുകയാണെന്ന് രാം നാഥ് കോവിന്ദ് പാർലമെന്റിലെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായുള്ള തന്റെ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു. മൂന്ന് നിയമങ്ങൾ റദ്ദാക്കണമെന്ന കർഷകരുടെ ആവശ്യത്തെ പിന്തുണച്ച് 19 പ്രതിപക്ഷ പാർട്ടികൾ സഭ ബഹിഷ്കരിച്ചു.
ബജറ്റ് സമ്മേളനത്തിന്റെ ഉദ്ഘാടന ദിവസം പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിൽ സംസാരിച്ച രാഷ്ട്രപതി, ഡൽഹിയിൽ റിപ്പബ്ലിക് ദിന ട്രാക്ടർ റാലിയിൽ കർഷകർ നടത്തിയ അക്രമത്തെ “നിർഭാഗ്യകരമെന്ന്” അപലപിച്ചു.
“കർഷകർ റിപ്പബ്ലിക് ദിനത്തിൽ ഒരു ട്രാക്ടർ റാലി നടത്തി. പ്രതിഷേധത്തിനിടെ അക്രമമുണ്ടായി, ചെങ്കോട്ടയിൽ ദേശീയ പതാകയെ അപമാനിച്ച സംഭവങ്ങളുണ്ടായി. ഇത് വളരെ നിർഭാഗ്യകരമാണ്,” രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് പറഞ്ഞു.
“അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം ഭരണഘടന നമുക്ക് നൽകുന്നുണ്ടെങ്കിൽ, നിയമങ്ങളും ചട്ടങ്ങളും ഗൗരവമായി കാണാനും നമുക്ക് കഴിയണം,” രാഷ്‌ട്രപതി പറഞ്ഞു.
വിപുലമായ ചർച്ചകൾക്ക് ശേഷമാണ് കാർഷിക നിയമങ്ങൾ പാസായതെന്നും 10 കോടി ചെറുകിട കർഷകർക്ക് നിയമങ്ങൾ കൊണ്ട് ഉടൻ പ്രയോജനം ലഭിച്ചുവെന്നും രാഷ്‌ട്രപതി പറഞ്ഞു.