ഒരു വർഷത്തിലേറെയായി ദേശീയ തലസ്ഥാനത്തിന്റെ അതിർത്തികളിലും രാജ്യത്തുടനീളവും കർഷകരുടെ പ്രതിഷേധത്തിന് കാരണമായ വിവാദപരമായ മൂന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്നത്തെ തീരുമാനത്തിന് പിന്നാലെ പ്രതിഷേധിക്കുന്ന കർഷകരെ അഭിനന്ദിച്ച് പ്രതിപക്ഷ പാർട്ടികൾ.
പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദു കർഷകരുടെ “ത്യാഗത്തെ” പ്രശംസിക്കുകയും കേന്ദ്രത്തിന്റെ തീരുമാനത്തെ “ശരിയായ ദിശയിലേക്കുള്ള ഒരു ചുവടുവെപ്പ്” എന്ന് വിളിക്കുകയും ചെയ്തു.
“കരി നിയമങ്ങൾ പിൻവലിക്കുന്നത് ശരിയായ ദിശയിലേക്കുള്ള ഒരു ചുവടുവയ്പ്പാണ്…. കിസാൻ മോർച്ചയുടെ സമരം ചരിത്ര വിജയം നേടി…. കർഷകരുടെ ത്യാഗത്തിന് ഫലം ലഭിച്ചു…. പഞ്ചാബിലെ കൃഷി പുനരുജ്ജീവിപ്പിക്കക എന്നതായിരിക്കണം ഇനി പഞ്ചാബ് സർക്കാരിന്റെ മുൻഗണന….അഭിനന്ദനങ്ങൾ,” നവജ്യോത് സിംഗ് സിദ്ദു ട്വീറ്റ് ചെയ്തു.
സിഖ് വിശുദ്ധ ഉത്സവമായ ഗുരു നാനാക്ക് ജയന്തി ദിനത്തിൽ “ഓരോ പഞ്ചാബിയുടെയും ആവശ്യങ്ങൾ അംഗീകരിച്ചതിന്” മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞു.
“ഒരു നല്ല വാർത്ത! എല്ലാ പഞ്ചാബികളുടെയും ആവശ്യങ്ങൾ അംഗീകരിച്ചതിനും ഗുരുനാനക് ജയന്തിയുടെ പുണ്യ വേളയിൽ 3 കരി നിയമങ്ങൾ റദ്ദാക്കിയതിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി. കർഷകരുടെ വികസനത്തിനായി കേന്ദ്ര സർക്കാർ തുടർന്നും പ്രവർത്തിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്! ” ക്യാപ്റ്റൻ അമരീന്ദർ സിംഗ് ട്വീറ്റ് ചെയ്തു.
അതേസമയം പ്രതിഷേധത്തിനിടെ മരിച്ച 700-ലധികം കർഷകരുടെ രക്തസാക്ഷിത്വം എന്നും ഓർമ്മിക്കപ്പെടുമെന്ന് ആം ആദ്മി പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. “രാജ്യത്തെ കർഷകർ തങ്ങളുടെ ജീവൻ പണയപ്പെടുത്തി കർഷകരെയും കൃഷിയെയും എങ്ങനെ സംരക്ഷിച്ചുവെന്ന് വരും തലമുറ ഓർക്കും,” അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.