കർഷകരുടെ ദില്ലി ചലോ മാർച്ച് പുനരാരംഭിച്ചു; തടയാൻ റോഡുകളിൽ ബാരിക്കേഡുകളും ആണികളും ഉൾപ്പെടെ വൻ സന്നാഹമൊരുക്കി പൊലീസ്

പൊലീസിൻ്റെ കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടയിൽ പഞ്ചാബിലെ കർഷകർ ശംഭു അതിർത്തിയിൽ നിന്ന് “ദില്ലി ചലോ” മാർച്ച് ആരംഭിച്ചു. കിസാൻ മസ്ദൂർ മോർച്ച, എസ്‌കെഎം ഗ്രൂപ്പുകളിൽ നിന്നുള്ള 101 കർഷകരാണ് ഡൽഹിയിലേക്ക് പുറപ്പെട്ടത്. ഇന്ന് 12 മണിക്കാണ് മാർച്ച് പുനരാരംഭിച്ചത്. കർഷകർ ഡൽഹിയിലേക്ക് കടക്കുന്നത് തടയാൻ വൻ സുരക്ഷാ സന്നാഹമാണ് ശംഭു അതിർത്തിയിൽ ഒരുക്കിയിരിക്കുന്നത്.

വാഹനങ്ങൾ കടന്നുപോകാതിരിക്കാൻ റോഡുകളിൽ ബാരിക്കേഡുകളും ആണികളും സ്ഥാപിച്ചിട്ടുണ്ട്. ശംഭു അതിർത്തിയിയുടെ ഒരു കിലോമീറ്റർ മുൻപ് വെച്ച് മാധ്യമപ്രവർത്തകർ പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നത് തടയണമെന്ന് സംസ്ഥാന പോലീസ് മേധാവിക്ക് നിർദേശം നൽകിയിട്ടുണ്ട്. ശംഭു അതിർത്തിയിലും, അംബാലയിലും പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.ശംഭു അതിർത്തിയിൽ ഈ മാസം ഒൻപത് വരെ ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

എഎപിയുടെ നേതൃത്വത്തിലുള്ള പഞ്ചാബ് സർക്കാർ കേന്ദ്രവുമായി സഖ്യത്തിലാണെന്നും അവർക്കെതിരെ പ്രവർത്തിക്കുകയാണെന്നും കർഷക നേതാവ് സർവാൻ സിംഗ് പന്ദർ മാർച്ചിന് മുന്നോടിയായി ആരോപിച്ചു. പ്രതിഷേധം നടക്കുന്ന സ്ഥലത്ത് മാധ്യമങ്ങളെ തടയുന്നത് എന്തിനാണെന്ന് പാന്ദർ ചോദിച്ചു.

വെള്ളിയാഴ്ച നടന്ന മാർച്ചിൽ ഹരിയാന-പഞ്ചാബ് ശംഭു അതിർത്തി കടക്കാൻ ശ്രമിച്ച കർഷകർക്ക് നേരെ പൊലീസ് കണ്ണീർ വാതകവും റബ്ബർ ബുള്ളറ്റുകളും പ്രയോഗിച്ചിരുന്നു. ഇതിൽ നിരവധി കർഷകർക്ക് പരിക്കേറ്റതോടെ മാർച്ച് താൽക്കാലികമായി നിർത്തിയിരുന്നു. പ്രശ്‌നം പരിഹരിക്കാൻ കേന്ദ്രസർക്കാർ ചർച്ചകൾ തുടങ്ങുമോയെന്നറിയാൻ ശനിയാഴ്ച കർഷകർ കാത്തിരുന്നെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്നാണ് ഇന്ന് മാർച്ച് പുനരാരംഭിക്കാൻ തീരുമാനമായത്.

എന്തൊക്കെയാണ് കർഷകരുടെ ആവശ്യങ്ങൾ?

മിനിമം താങ്ങുവിലയ്ക്ക് (എംഎസ്പി) നിയമപരമായ ഗ്യാരണ്ടി, കാർഷിക കടം എഴുതിത്തള്ളുക, കർഷകർക്കും കർഷകത്തൊഴിലാളികൾക്കും പെൻഷൻ, വൈദ്യുതി നിരക്ക് വർധിപ്പിക്കരുത്, കർഷകർക്കെതിരെയുള്ള പൊലീസ് കേസുകൾ പിൻവലിക്കൽ, 2021 ലഖിംപൂർ ഖേരി അക്രമത്തിലെ ഇരകൾക്ക് “നീതി” എന്നിവ കർഷകർ ആവശ്യപ്പെടുന്നു. 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമം പുനഃസ്ഥാപിക്കുക, 2020-21ൽ മുൻ സമരത്തിനിടെ മരിച്ച കർഷകരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുക എന്നിവയും ഇവരുടെ ആവശ്യങ്ങളുടെ ഭാഗമാണ്.