രാഷ്ട്രപതി തരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാനില്ലെന്ന് നാഷണൽ കോൺഫറൻസ് നേതാവും കശ്മീർ മുൻ മുഖ്യമന്ത്രിയായ ഫാറൂഖ് അബ്ദുള്ള. തന്റെ പേര് രാഷ്ട്രപതി സ്ഥാനാർത്ഥിത്വത്തിലേക്ക് പരിഗണിക്കേണ്ടതില്ലന്നും. തന്റെ പേര് നിർദേശിച്ച മമത ബാനർജിയൊട് നന്ദി അറിയിക്കുന്നു വെന്നും അദ്ദേഹം പറഞ്ഞു. തന്നെ പിന്തുണയ്ക്കുന്ന മറ്റു നേതാക്കളോടും ആദരവുണ്ട്. ബഹുമാനപുരസ്സരം ഇത്തരമൊരാവശ്യം താൻ നിരസിക്കുന്നതായും ഫാറുഖ് അബ്ദുള്ള വ്യക്തമാക്കി.
പൊതുരംഗത്തും സജീവരാഷ്ട്രീയത്തിലും തുടരാനാണ് താൻ ആഗ്രഹിക്കുന്നതെന്നും പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ജമ്മു കശ്മീർ വജനതയ്ക്കും രാജ്യത്തിനും കൂടുതൽ സേവനം നൽകാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു.
പ്രതിപക്ഷ പാർട്ടികളുടെ പൊതുസമ്മത സ്ഥാനാർത്ഥിയായി കശ്മീർ മുൻ മുഖ്യമന്ത്രിയായ ഫാറുഖ് അബ്ദുള്ളയെയും പരിഗണിച്ചിരുന്നു. ഇതിനിടെയാണ് മത്സരത്തിനില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയത്. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികളുടെ പൊതു സ്ഥാനാർത്ഥിയായി പരിഗണിച്ചിരുന്ന എൻസിപി നേതാവ് ശരദ് പവാറും മത്സരത്തിനില്ലെന്ന് വ്യക്തമാക്കി നേരത്തെ പിന്മാറിയിരുന്നു.
പശ്ചിമബംഗാൾ മുൻ ഗവർണറും മഹാത്മാഗാന്ധിയുടെ ചെറുമകനുമായ ഗോപാൽകൃഷ്ണ ഗാന്ധിയുടെ പേരാണ് പ്രതിപക്ഷത്തിന്റെ മുന്നിൽ സജീവ പരിഗണനയിലുള്ളത്.