വ്യോമസേനയുടെ ചരിത്രത്തിൽ ആദ്യമായി ഒരുമിച്ച് യുദ്ധവിമാനം പറത്തി അച്ഛനും മകളും. വ്യോമസേന പൈലറ്റുമാരായ എയർ കമാന്ററായ സഞ്ജയ് ശർമയും ഫ്ളൈയിംഗ് ഓഫീസറായ മകൾ അനന്യ ശർമയുമാണ് വ്യോമസേനയിൽ പുതു ചരിത്രം കുറിച്ചത്. മെയ് 30നാണ് ഇരുവരും ചേർന്ന് ഹോക്ക്-132 യുദ്ധവിമാനം പറത്തിയത്. വ്യോമസേനയുടെ ബിദാർ സ്റ്റേഷനിൽ വെച്ചായിരുന്നു ഇരുവരും യുദ്ധ വിമാനം പറത്തിയത്. അനന്യ പരിശീലനത്തിന്റെ ഭാഗമായിട്ടാണ് പൈലറ്റായി എത്തിയത്.
ഒരുമാസം മുൻപായിരുന്നു സംഭവമെങ്കിലും കഴിഞ്ഞ ദിവസമാണ് ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായത്. ഒരു ദൗത്യത്തിനായി പിതാവും മകളും ഒരേ യുദ്ധവിമാനത്തിന്റെ ഭാഗമായ ഒരു സംഭവവും വ്യേമസേനയിൽ മുമ്പ് ഉണ്ടായിട്ടില്ലെന്ന് ഐഎഎഫ് വക്താവ് വിങ് കമാൻഡർ ആശിഷ് മോഗെ പറഞ്ഞു. 2016 മുതലാണ് ഇന്ത്യൻ വ്യേമസേനയിൽ ഫൈറ്റർ പൈലറ്റുമാരെ റിക്രൂട്ട് ചെയ്യാൻ തുടങ്ങിയത്. അതു വരെ സ്ത്രീകൾക്ക് അവസരമുണ്ടായിരുന്നില്ല.
ചെറുപ്പം മുതലേ ഫൈറ്റർ പൈലറ്റാകണമെന്ന അനന്യയുടെ ആഗ്രഹിന് ഒപ്പം പിതാവും നിൽക്കുകയായിരുന്നു. ഇലക്ട്രോണിക് ആന്റ് കമ്മ്യൂണിക്കേഷനിൽ ബി.ടെക് പൂർത്തിയാക്കിയ ശേഷം 2021 ലാണ് ഫൈറ്റർ പൈലറ്റായി അനന്യ പ്രവേശനം നേടുന്നത്. പിതാവ് സഞ്ജയ് ശർമ 989ലാണ് അദ്ദേഹം വ്യോമസേനയിലെ ഫൈറ്റർ പൈലറ്റാവുന്നത്. നിരവധി ഓപ്പറേഷനുകളിലും ഇദ്ദേഹം ഭാഗമായിട്ടുണ്ട്. മിഗ് 21 വിമാനത്തിന്റെ പൈലറ്റായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
അനന്യയ്ക്കൊപ്പം പറന്നത് എന്റെ ജീവിതത്തിലെ മറക്കാനാവാത്ത ദിവസമായിരുന്നെന്ന് പിതാവ് ശർമ്മ പ്രതികരിച്ചു. ഫൈറ്റർ പൈലറ്റായി കമ്മീഷൻ ചെയ്തതിന് ശേഷം അനന്യ വന്ന് എന്നെ സല്യൂട്ട് ചെയ്തു. അത് അഭിമാന നിമിഷമായിരുന്നെന്നും വ്യോമനസേന പുറത്തുവിട്ട വീഡിയോയിൽ അദ്ദേഹം കൂട്ടിച്ചേർത്തു. സഞ്ജയും അനന്യയും ഒരുമിച്ച് പറന്നപ്പോഴുള്ള വികാരം വാക്കുകളിൽ പറഞ്ഞറിയിക്കാനാവില്ലെന്ന് അമ്മ സോണാൽ ശർമ്മയും പ്രതികരിച്ചു.വ്യോമസേനയിൽ യുദ്ധ വിമാനം പറത്തുന്ന ആദ്യ അച്ഛനും മകളുമായിരിക്കുകയാണ് ഇവർ.