ഗുജറാത്തില്‍ വീരസൈനികന്റെ മകളെ മന്ത്രിയുടെ മുന്നില്‍ പൊലീസ് വലിച്ചിഴച്ചു ;ബിജെപിയുടെ അഹങ്കാരം കൊടുമുടിയില്‍

വെള്ളിയാഴ്ച ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി കെവാഡിയ കോളനിയില്‍ നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രൂപാണിയെ കാണണമെന്ന് ആവശ്യപ്പെട്ട വീരസൈനികന്റെ മകളെ ഗുജറാത്ത് പൊലീസ് വലിച്ചിഴച്ച് പുറത്താക്കി. വേദിയില്‍ മുഖ്യമന്ത്രി നോക്കിനില്‍ക്കെയാണ് പൊലീസിന്റെ നടപടി.

2002ല്‍ കശ്മീരില്‍ കൊല്ലപ്പെട്ട ബിഎസ്എഫ് ജവാന്‍ അശോക് തദ്വിയുടെ മകളാണ് മുഖ്യമന്ത്രിയെ കാണണമെന്നാവശ്യപ്പെട്ട് വേദിയിലേക്ക് കയറാന്‍ ശ്രമിച്ചത്. തങ്ങളുടെ കുടുംബത്തിന് വാഗ്ദാനം ചെയ്ത ഭൂമി സര്‍ക്കാര്‍ നില്‍കിയില്ലെന്നാരോപിച്ചായിരുന്നു രൂപല്‍ തദ്വി എന്ന 26 വയസുകാരി മുഖ്യമന്ത്രിയെ കാണണമെന്ന് ആവശ്യപ്പെട്ടത്. നേരത്തെ രൂപല്‍ പ്രധാനമന്ത്രിയെ കാണാന്‍ ശ്രമിച്ചിരുന്നെങ്കിലും അനുമതി ലഭിച്ചിരുന്നില്ല. ഇതേത്തുടര്‍ന്ന് രൂപലിന്റെ അമ്മ ആത്മഹത്യാ ഭീഷണി ഉയര്‍ത്തുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് റാലിയില്‍ രൂപാണി പ്രസംഗിക്കുന്നതിനിടയില്‍ സദസ്സിലിരിക്കുകയായിരുന്ന രൂപല്‍ എനിക്ക് അദ്ദേഹത്തെ കാണണമെന്ന് ഒച്ചവെച്ചു. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ അടുത്തേക്ക് ഓടുന്നതിനിടെ വനിതാ പൊലീസുകാര്‍ രൂപലിനെ തടഞ്ഞ് വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ടുപോയി. ഈ പരിപാടിക്ക് ശേഷം ഞാന്‍ നിങ്ങളെ കാണുമെന്ന് ഇതിനിടെ രൂപാണി പറഞ്ഞു. ഈ സംഭവം തന്റെ പ്രചാരണ പരിപാടികളില്‍ രാഹുല്‍ഗാന്ധി ഉയര്‍ത്തിക്കാട്ടി ബിജെപിയെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

പൊലീസ് വലിച്ചിഴക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ബിജെപിയുടെ അഹങ്കാരം കൊടുമുടിയില്‍ എന്ന അടിക്കുറിപ്പോടെ ഈ വീഡിയോ ട്വീറ്റ് ചെയ്തു.

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഇതിന്റെ വീഡിയോ ബിജെപിക്കെതിരെ പ്രചാരണയുധമാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്. നമ്മുടെ അതിര്‍ത്തികള്‍ സംരക്ഷിക്കുന്ന ഭടന്‍മാരെ ബിജെപി മാത്രമാണ് ബഹുമാനിക്കുന്നതെന്നായിരുന്നു ട്വിറ്ററിലൂടെ ഇതിനെതിരെ രൂപാണിയുടെ പ്രതികരണം. വണ്‍ റാങ്ക് വണ്‍ പെന്‍ഷനും ആദര്‍ശ് കുംഭകോണവും ഉയര്‍ത്തിക്കാട്ടി രൂപാണി കോണ്‍ഗ്രസിനെതിരെ തിരിച്ചടിച്ചു.