ഛത്തീസ്ഗഡിലെ സര്‍ഗുജ ജില്ലയില്‍ പിതാവ് മകളുടെ മൃതദേഹം തോളില്‍ ചുമന്ന് വീട്ടിലെത്തിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി ടി എസ് സിംഗ് ദിയോ. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
സര്‍ഗുജ ജില്ലയിലെ ലഖന്‍പൂര്‍ ഗ്രാമത്തിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ വച്ച് വെള്ളിയാഴ്ച രാവിലെയാണ് പെണ്‍കുട്ടി മരിച്ചത്. തുടര്‍ന്ന് പിതാവ് ഈശ്വര്‍ ദാസ് മൃതദേഹവുമായി കാല്‍നടയായി വീട്ടിലേക്ക് പോവുകയായിരുന്നു.
അംദാല ഗ്രാമത്തിലാണ് ഈശ്വര്‍ ദാസ് താമസിക്കുന്നത്. പെണ്‍കുട്ടിക്ക് കുറച്ച് ദിവസങ്ങളായി കടുത്ത ചുമയും പനിയുമുണ്ടായിരുന്നു. ഓക്സിജന്റെ അളവ് താഴുന്ന നിലയിലായിരുന്നു. ആശുപത്രിയില്‍ ആവശ്യമായ ചികിത്സ ആരംഭിച്ചിരുന്നുവെങ്കിലും പിന്നീട് ആരോഗ്യ നില വഷളാവുകയും, രാവിലെ 7:30 ഓടെ മരിക്കുകയും ചെയ്തു.
മൃതദേഹം കൊണ്ടുപോകാനായി ശവപ്പെട്ടി ഉള്‍പ്പടെ ഉടന്‍ എത്തുമെന്ന് കുടുംബാംഗങ്ങളോട് അറിയിച്ചിരുന്നതായി റൂറല്‍ മെഡിക്കല്‍ അസിസ്റ്റന്റ് ഡോ.വിനോദ് ഭാര്‍ഗവ് പറഞ്ഞു. 9:20 ഓടെ അത് എത്തി. എന്നാല്‍ അപ്പോഴേക്കും അവര്‍ മൃതദേഹവുമായി പോയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
മൃതദേഹം തോളിലേറ്റി 10 കിലോമീറ്ററോളം നടന്നാണ് വീട്ടിലെത്തിയത്. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ വിഷയം അന്വേഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കാന്‍ ജില്ലാ ചീഫ് മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് ഓഫീസറോട് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.
ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യപ്രവര്‍ത്തകര്‍ വാഹനം കാത്തുനില്‍ക്കാന്‍ വീട്ടുകാരെ പ്രേരിപ്പിക്കണമായിരുന്നു. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്തേണ്ടതായിരുന്നു. ചുമതല നിര്‍വഹിക്കാന്‍ കഴിയാത്തവരെ നീക്കം ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചതായി മന്ത്രി പറഞ്ഞു.