ലഖിംപൂർ ഖേരിയിൽ വോട്ടിംഗ് യന്ത്രത്തിൽ ഫെവിക്വിക്ക് എറിഞ്ഞു; ബഹളത്തെ തുടർന്ന് നിർത്തിവെച്ച വോട്ടെടുപ്പ് പുനരാരംഭിച്ചു

ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനിൽ (ഇവിഎം) ഫെവിക്വിക്ക് (പശ) എറിഞ്ഞതിനെ തുടർന്ന് ബഹളം പൊട്ടിപ്പുറപ്പെട്ട ലഖിംപൂർ ഖേരിയിൽ പോളിംഗ് പുനരാരംഭിച്ചു. 2022ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ടത്തിൽ വോട്ട് ചെയ്യുന്ന ലഖിംപൂർ ഖേരിയിലെ കദിപൂർ സാനി പ്രദേശത്താണ് സംഭവം.

സൈക്കിൾ ചിഹ്നത്തിൽ പശ എറിഞ്ഞെന്ന് എസ്പി സ്ഥാനാർത്ഥി ഉത്കർഷ് വർമ്മ ആരോപിച്ചു.

കഴിഞ്ഞ വർഷം കേന്ദ്ര മന്ത്രിയുടെ മകൻ ഉൾപ്പെടെ ബിജെപി പ്രവർത്തകർ സഞ്ചരിച്ച കാർ ഓടിച്ചു കയറ്റി നാല് കർഷകർ കൊല്ലപ്പെട്ട സ്ഥലമാണ് ലഖിംപൂർ ഖേരി. ഒക്‌ടോബർ മൂന്നിന് നടന്ന അക്രമത്തിൽ കർഷകർ ഉൾപ്പെടെ എട്ട് പേർ കൊല്ലപ്പെട്ടിരുന്നു.

പിലിഭിത്, ലഖിംപൂർ ഖേരി, സീതാപൂർ, ഹർദോയ്, ഉന്നാവോ, ലഖ്‌നൗ, റായ്ബറേലി, ബന്ദ, ഫത്തേപൂർ എന്നീ ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.

Read more

സംസ്ഥാനത്ത് ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത് നാലാം ഘട്ടമാണ്. ഈ റൗണ്ട് വോട്ടെടുപ്പിൽ 624 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്.