മഹാരാഷ്ട്രയില്‍ ബിജെപിയും ശിവസേനയും തമ്മില്‍ പോരാട്ടം: സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഇന്ന്

മഹാരാഷ്ട്രയില്‍ വിമതനീക്കങ്ങള്‍ക്കൊടുവില്‍ മുഖ്യമന്ത്രിയായി ഏക്‌നാഥ് ഷിന്‍ഡെ അധികാരത്തിലെത്തിയതിന് ശേഷമുള്ള നിയമസഭാ സമ്മേളനം ഇന്ന ആരംഭിക്കും. നിയമസഭ സ്പീക്കര്‍ തിരഞ്ഞെടുപ്പും നടക്കും. സമ്മേളനത്തിന്റെ ആദ്യ ദിവസം ബിജെപിയും ശിവസേനയും മുഖാമുഖം മത്സരിക്കുകയാണ്. ബിജെപിയുടെ രാഹുല്‍ നര്‍വേക്കറും ശിവസേനയുടെ രാജന്‍ സാല്‍വിയും തമ്മിലാണ് പോരാട്ടം നടക്കുന്നത്.

ബിജെപിയുടെയും വിമത ശിവസേനാ എംഎല്‍എമാരുടെയും പിന്തുണയുള്ള രാഹുലിനാണ് വിജയസാധ്യത കൂടുതല്‍. മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ അടക്കം വിമത എംഎല്‍എമാര്‍ക്ക് അയോഗ്യതാ ഭീഷണിയുള്ളതിനാല്‍ കോടതി ഇടപെടലില്‍ പ്രതീക്ഷ അര്‍പ്പിച്ചാണ് രാജന്‍ സാല്‍വിയും മത്സരിക്കാനിറങ്ങുന്നത്. ഗോവയിലെ റിസോര്‍ട്ടിലായിരുന്ന ശിവസേന വിമത എംഎല്‍എമാര്‍ മുംബൈയില്‍ തിരിച്ചെത്തി. കഴിഞ്ഞ ദിവസം രാത്രിയാണ് എംഎല്‍എമാര്‍ എത്തിയത്.

അതേസമയം വിമത നീക്കം നടത്തിയ ഏക്‌നാഥ് ഷിന്‍ഡെയെ ശിവസേന പാര്‍ട്ടി പദവികളില്‍ നിന്ന് നീക്കി. ശിവസേന നേതാവ് ഉദ്ദ്വ് താക്കറെയുടേതാണ് നടപടി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തുകയും സ്വയം അംഗത്വം ഉപേക്ഷിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് നടപടിയെന്ന് ഉദ്ധവ് താക്കറെ അറിയിച്ചിരുന്നു.

വിമത നീക്കം ആരംഭിതച്ചതിന് പിന്നാലെ നിയമസഭാ കക്ഷി നേതൃ സ്ഥാനവും ഷിന്‍ഡേയില്‍ നിന്ന് എടുത്ത് മാറ്റിയിരുന്നു. ഷിന്‍ഡെയെ ശിവസേനയില്‍ നിന്നും ഉദ്ധവ് താക്കറെ പുറത്താക്കിയെങ്കിലും ശിവസേന വിപ് അദ്ദേഹത്തിനും ബാധകമാണ്. കൂടുതല്‍ എംഎല്‍എമാരും ഒപ്പമുള്ളതിനാല്‍ യഥാര്‍ത്ഥ ശിവസേന തങ്ങളുടേതാണെന്ന് ഷിന്‍ഡെയും കൂട്ടരും വാദിക്കുന്നുണ്ട്.