പത്മാവതിക്ക് ഐക്യദാര്‍ഢ്യം; വ്യത്യസ്ത പ്രതിഷേധത്തിനൊരുങ്ങി സിനിമാ ലോകം

സഞ്ജയ് ലീല ബന്‍സാലി ഒരുക്കിയ ചിത്രമായ പത്മാവതിക്ക് സംഘ്പരിവാര്‍ സംഘടനകളുടെ കൊലവിളി ഉയരുന്ന സാഹചര്യത്തില്‍ വ്യത്യസ്ത പ്രതിഷേധത്തിനൊരുങ്ങി ചലചിത്ര ലോകം. നാളെ ഷൂട്ടിങ് ലൊക്കേഷനില്‍ 15 മിനുട്ട് നേരത്തേക്ക് ലൈറ്റുകള്‍ ഓഫ് ചെയ്ത് പ്രതിഷേധിക്കാനാണ് ഇന്ത്യന്‍ ഫിലിം ടിവി ഡയറക്ടേഴ്‌സ് അസോസിയേഷനും 20 മറ്റ് സിനിമ ടിവി സംഘടനകളും ആഹ്വാനം ചെയ്തിരിക്കുന്നത്.

കലാകാരാന് തന്റേതായ രീതിയിലുള്ള ആവിഷ്‌കാര സ്വാതന്ത്രത്തിനുള്ള പിന്തുണയായാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. തന്റേതായി രീതിയില്‍ കഥ പറയാനുള്ള അവകാശം അതിന്റെ സൃഷ്ടാവിനുണ്ട്. പത്മാവതിക്കും അതിന്റെ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിക്കും നല്‍കുന്ന പിന്തുണ തുടരും. ഇന്ത്യന്‍ ഫിലിംസ് ആന്‍ഡ് ടിവി ഡയറക്ടേഴ്‌സ് അസോസിയേഷന്‍ പ്രതിനിധി അശോക് പണ്ഡിറ്റ് വ്യക്തമാക്കി.

“ഉത്തരവാദിത്വബോധമുള്ള ഒരു സംവിധായകനാണ് ബന്‍സാലി. ചരിത്രസംബന്ധിയായ ഒരു ചലച്ചിത്രം സൃഷ്ടിക്കുക എന്നത് ഒരു ചെറിയ കാര്യമല്ല, വലിയ ഉത്തരവാദിത്വമാണ്. സിനിമയോടുള്ള ഐക്യപ്പെടലിന്റെ ഭാഗമായി ഞായറാഴ്ച്ച മുംബൈയിലെ സിനിമക്കാര്‍ ഒത്തുചേര്‍ന്ന് പ്രതിഷേധത്തില്‍ പങ്കെടുക്കും. പണ്ഡിറ്റ് അറിയിച്ചു.

ആവിഷ്‌കാര സ്വാതന്ത്രത്തിന്റെ പേരില്‍ ചില സംഘടനകളുടെ കടന്നു കയറ്റം സിനിമാ പ്രവര്‍ത്തകരെ വേദനിപ്പിക്കുന്നുണ്ട്. സര്‍ക്കാരില്‍ നിന്നോ മറ്റു മേഖലകളില്‍ നിന്നോ ഇക്കാര്യത്തില്‍ പിന്തുണ ലഭിക്കാറില്ല. പണ്ഡിറ്റ് കൂട്ടിച്ചേര്‍്ത്തു. “മേ ആസാദ് ഹൂ”(ഞാന്‍ സ്വതന്ത്രയാണ്) എന്ന ശീര്‍ഷകത്തോടെയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. നവംബര്‍ 26ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് മുംബൈ ഫിലിം സിറ്റിയില്‍ ബ്ലാക്ക്ഔട്ട് പ്രതിഷേധത്തിന് തുടക്കം കുറിക്കും.

രജപുത്ര കര്‍ണി സേനയാണ് പത്മാവതിക്കെതിരേ ശക്തമായി രംഗത്തു വന്നിരിക്കുന്നത്. ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ചിത്രത്തിന് പ്രദര്‍ശിപ്പിക്കുന്നതിന് വിലക്കുണ്ട്. ചിത്രത്തില്‍ പത്മാവതിയുടെ വേഷം ചെയ്യുന്ന ദീപികയുടെ തലവെട്ടുന്നവര്‍ക്ക് ബിജെപി നേതാവ് പത്തുകോടി രൂപ ഇനാം പ്രഖ്യാപിച്ച് രംഗത്ത് വന്നിരുന്നു. ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരുന്ന ദിവസം ഭാരത് ബന്ദ് നടത്തി ചിത്രത്തെ തകര്‍ക്കാനും ശ്രമമുണ്ടായിരുന്നു.

“പത്മാവതി”ക്കെതിരെ രാജ്യത്തെ യുവാക്കള്‍ മുന്നോട്ടിറങ്ങണമെന്നും പത്മാവതി പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകള്‍ കത്തിക്കണമെന്നും ബിജെപി നേതാവ് സൂരജ് പാല്‍ അമു പറഞ്ഞിരുന്നു. പത്മാവതി ചിത്രത്തില്‍ ബന്‍സാലി അവതരിപ്പിക്കുന്നത് രജപുത്ര ചരിത്രത്തിലെ “പത്മിനി” അല്ലെന്നും സൂരജ് പാല്‍ അമു ആരോപിച്ചു. ചിത്രം ഡിസംബര്‍ ഒന്നിന് റിലീസ് ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ സംഘപരിവാര്‍ സംഘടനകളുടെ നിരന്തര ആക്രമണങ്ങളെ തുടര്‍ന്ന് റിലീസിങ്ങ് നിര്‍മാതാക്കള്‍ മാറ്റിവെക്കുകയായിരുന്നു.