മുസ്ലിം സമുദായത്തിനെതിരെ വിഷം തുപ്പി ഏഷ്യാനെറ്റ് ന്യൂസ് നെറ്റ്‌വര്‍ക്ക്; മാപ്പ് പറഞ്ഞ് ചാനലും അവതാരകനും; കേസെടുത്ത് പൊലീസ്; പ്രതിഷേധം ശക്തം

തിരഞ്ഞെടുപ്പിനിടെ വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ചതിന് ഏഷ്യാനെറ്റ് സുവര്‍ണ ചാനലിനും ന്യൂസ് അവതാരകനുമെതിരെ കേസ്. ചാനല്‍ അവതാരകനായ അജിത് ഹനുമക്കനവര്‍ക്കെതിരെയാണ് ബംഗളൂരു ഹൈ ഗ്രൗണ്ട്‌സ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

തന്‍വീര്‍ അഹ്മദ് എന്ന വ്യക്തി നല്‍കിയ പരാതിയിലാണ് ഐ.പി.സി 505 (2) പ്രകാരം കേസ് എടുത്തിരിക്കുന്നത്. രാജ്യത്തെ ജനസംഖ്യാ വിഹിതവുമായി ബന്ധപ്പെട്ട് ‘മതന്യൂനപക്ഷങ്ങളുടെ വിഹിതം: ദേശീയതല വിശകലനം’ എന്ന പേരില്‍ പ്രധാനമന്ത്രിയുടെ സാമ്പത്തികോപദേശക സമിതി റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു.

ഈ വിഷയത്തില്‍ ഏഷ്യാനെറ്റ് സുവര്‍ണ ചാനലില്‍ അജിത് ഹനുമക്കനവര്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ ഹിന്ദുക്കളെ പ്രതിനിധീകരിക്കുന്ന ജനസംഖ്യ കണക്കിന് ഇന്ത്യന്‍ പതാകയും ഇന്ത്യന്‍ മുസ്‌ലിംകളെ പ്രതിനിധീകരിക്കുന്നതിന് പാകിസ്താന്‍ പതാകയുമാണ് ചാനല്‍ നല്‍കിയത്. ഇതിനതെിരെ സാമൂഹ്യമാധ്യമങ്ങളിലടക്കം രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്. തുടര്‍ന്ന് ചാനലിനെതിരെ നിരവധി പരാതികള്‍ പൊലീസിന് ലഭിച്ചിരുന്നു.

പ്രതിഷേധം രൂക്ഷമായതോടെ ചാനല്‍ തിരുത്തും ക്ഷമാപണവുമായി രംഗത്തെത്തി. തെറ്റ് അശ്രദ്ധമൂലം സംഭവിച്ചതാണെന്നും ഇന്ത്യയിലെയും പാകിസ്താനിലെയും ഭൂരിപക്ഷ സമുദായങ്ങളുടെ വളര്‍ച്ച ചിത്രീകരിക്കുന്ന മറ്റൊരു പരിപാടിക്കായി ഉപയോഗിച്ച ഗ്രാഫിക്സ് ഈ എപ്പിസോഡിന് അറിയാതെ ഉപയോഗിക്കുകയായിരുന്നുവെന്നുമാണ് ചാനല്‍ വിശദീകരിച്ചത്. മുസ്‌ലിം സമുദായം രാജ്യത്തിനു നല്‍കിയ സംഭാവനകളെ അവഹേളിക്കുന്നതാണ് ചാനലിന്റെ പ്രവൃത്തിയെന്ന് തന്‍വീര്‍ അഹ്മദ് പരാതിയില്‍ പറയുന്നു.

Read more

മലയാളം ഏഷ്യാനെറ്റ് ന്യൂസ് ഉള്‍പ്പെടുന്ന ഏഷ്യാനെറ്റ് ന്യൂസ് നെറ്റ്‌വര്‍ക്ക് ചാനല്‍ ശൃഖലയിലുള്ളതാണ് കന്നഡയിലുള്ള ഏഷ്യാനെറ്റ് സുവര്‍ണ ചാനല്‍. തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള ജൂപ്പിറ്റര്‍ കമ്പനിയുടെ കീഴിലാണ് ഈ ചാനലുകളെല്ലാം പ്രവര്‍ത്തിക്കുന്നത്.